ടെൽ അവീവ്- ഇസ്രായിലിലെ പ്രധാന വിമാനതാവളങ്ങളിൽ ഒന്നായ ബെൻ ഗുറിയോണിലേക്ക് ഹൂത്തികൾ നടത്തിയ കനത്ത മിസൈൽ ആക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റു. യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തികളാണ് ഇസ്രായിലിനെ ഞെട്ടിച്ച് വ്യോമാക്രമണം നടത്തിയത്. വിമാനത്താവളത്തിന് സമീപത്തെ പാർക്കിംഗ് ഏരിയയിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇതോടെ വിമാനങ്ങൾ സർവീസ് നിർത്തിവെച്ചു. മിസൈൽ തടയാൻ ഇസ്രായിൽ സേന പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ ഭേദിച്ച അപൂർവമായ ഹൂത്തി ആക്രമണമാണിത്. ഇസ്രായിൽ സുരക്ഷാ കാബിനറ്റ് വൈകുന്നേരം യോഗം ചേരുമെന്ന് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
വിമാനത്താവളത്തിൽ രൂപപ്പെട്ട ആഴമേറിയ ഗർത്തത്തിന് സമീപം ഓഫീസർമാർ നിൽക്കുന്ന വീഡിയോ പുറത്തുവന്നു. വിമാനത്താവളത്തിന്റെ ഏറ്റവും വലിയ ടെർമിനലായ ടെർമിനൽ 3-ന്റെ പാർക്കിംഗ് ലോട്ടിന് സമീപമാണ് മിസൈൽ വീണത്. റൺവേയിൽ നിന്ന് നൂറു മീറ്റർ മാത്രം അകലെയാണിത്. ഡസൻ കണക്കിന് മീറ്റർ വീതിയും ആഴവുമുള്ള ഗർത്തമാണ് രൂപപ്പെട്ടതെന്ന് മധ്യ ഇസ്രായേലിലെ പോലീസ് മേധാവി യൈർ ഹെസ്റോനി വീഡിയോയിൽ പറഞ്ഞു. ഒരു മിസൈൽ ടെർമിനലിനും റൺവേകൾക്കും ഇത്ര അടുത്ത് വീഴുന്നത് ഇതാദ്യമാണെന്നും പോലീസ് പറഞ്ഞു.
ഇസ്രായിലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് സൈനിക നടപടി നടത്തിയെന്ന് ഹൂത്തി വിമതർ അവകാശപ്പെട്ടു. “ഞങ്ങളെ ആക്രമിക്കുന്നവരെ ഏഴിരട്ടി ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. പ്രാദേശിക സമയം രാവിലെ 9.35നാണ് ആക്രമണം നടന്നത്. “സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ യാത്രക്കാരോട് അഭയം തേടാൻ ആവശ്യപ്പെട്ടു, ചിലർ ബങ്കറുകളിൽ അഭയം പ്രാപിച്ചു,” എഎഫ്പി ജേർണലിസ്റ്റ് പറഞ്ഞു. നിരവധി യാത്രക്കാർ ഇപ്പോൾ തങ്ങളുടെ വിമാനങ്ങൾ പുറപ്പെടാൻ കാത്തിരിക്കുകയാണെന്നും മറ്റുള്ളവർ ബദൽ വിമാനങ്ങൾ തേടുകയാണെന്നും അധികൃതർ പറഞ്ഞു. എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടതായി ഒരു വിമാനത്താവള ഉദ്യോഗസ്ഥൻ എഎഫ്പിയോട് പറഞ്ഞു. എയർ ഇന്ത്യ മെയ് ആറു വരെ ടെൽ അവീവിലേക്കുള്ള സർവീസ് നിർത്തിവെച്ചു.
ജർമനിയുടെ ലുഫ്താൻസ ഗ്രൂപ്പ് (ഓസ്ട്രിയൻ, യൂറോവിംഗ്സ്, സ്വിസ് എന്നിവ ഉൾപ്പെടെ) മെയ് 6 വരെ ടെൽ അവീവ് വിമാനങ്ങൾ റദ്ദാക്കി. ഇസ്രായേലിന്റെ ചില ഭാഗങ്ങളിൽ എയർ റെയ്ഡ് സൈറണുകൾ മുഴങ്ങിയതിന് തൊട്ടുപിന്നാലെ വന്ന ആക്രമണം പരിഭ്രാന്തി ഉണ്ടാക്കിയെന്ന് ചിലർ പറഞ്ഞു.