വാഷിംഗ്ടണ്‍: പ്രമുഖ അമേരിക്കന്‍ നേതാക്കളെ കുറിച്ച വിശദമായ ഗവേഷണ പദ്ധതികളും ജീവചരിത്രങ്ങളും നിര്‍മിക്കുന്ന ദി ഹിസ്റ്ററിമേക്കേഴ്സിലെ വാമൊഴി ചരിത്ര ഗവേഷകനായിരുന്നു വാഷിംഗ്ടണില്‍ രണ്ടു ഇസ്രായില്‍ എംബസി ജീവനക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ അക്രമി ഏലിയാസ് റോഡ്രിഗസ് എന്ന് കണ്ടെത്തി. 30 കാരന്‍ ഇല്ലിനോയിസിലെ ചിക്കാഗോയിലാണ് ജനിച്ചതും വളര്‍ന്നതും എന്നും ചിക്കാഗോയിലെ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.
2023 ല്‍ ദി ഹിസ്റ്ററിമേക്കേഴ്സില്‍ ചേരുന്നതിന് മുമ്പ്, റോഡ്രിഗസ് ദേശീയമായും പ്രാദേശികമായും വാണിജ്യ, വാണിജ്യേതര സാങ്കേതിക കമ്പനികള്‍ക്കായി ഉള്ളടക്ക എഴുത്തുകാരനായി (കണ്ടന്റ് റൈറ്റര്‍) പ്രവര്‍ത്തിച്ചു.
ഫിക്ഷന്‍ കഥകള്‍ വായിക്കാനും എഴുതാനും തത്സമയ സംഗീതം ആസ്വദിക്കാനും സിനിമ കാണാനും പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും കണ്ടെത്താനും ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരനായ പ്രതി ചിക്കാഗോയിലെ അവോണ്ടേല്‍ പരിസരത്താണ് താമസിക്കുന്നത്. അക്രമിയെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പ് നടത്തിയയാള്‍ ഗാര്‍ഡുകളോട് പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടതായും സ്ഥലത്ത് പത്തു മിനിറ്റ് കാത്തിരുന്ന ശേഷം താനാണ് വെടിവെപ്പ് നടത്തിയതെന്ന് അറിയിച്ചതായും ദൃക്‌സാക്ഷി പറഞ്ഞു.
വെടിവെച്ചയാള്‍ ഒരു സാക്ഷിയായി നടിച്ചതായും കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മുമ്പ് പോലീസ് എത്തുന്നതുവരെ 10 മിനിറ്റിലധികം കാത്തിരുന്നതായും ഞാന്‍ ഗാസക്ക് വേണ്ടിയാണ് അത് ചെയ്തതെന്ന് വ്യക്തമാക്കിയതായും ദൃക്‌സാക്ഷിയായ സാറാ മരിനോ പറഞ്ഞു. ജൂത മ്യൂസിയത്തില്‍ രാത്രി ഒമ്പതു മണിക്ക് പരിപാടി അവസാനിച്ചതിനു ശേഷമാണ് വെടിവെപ്പ് നടന്നത്. ആ സമയത്ത് നിരവധി തവണ വെടിയൊച്ചകള്‍ കേട്ടു. ഞങ്ങള്‍ കൂടുതല്‍ വെടിയൊച്ചകള്‍ കേട്ടു. പിന്നീട് ഒരാള്‍ കേന്ദ്രത്തിലേക്ക് ഓടി വന്നു. സുരക്ഷാ ജീവനക്കാര്‍ അവനെ ശാന്തനാക്കാന്‍ വെള്ളം കൊടുത്തു. അവന്റെ പെരുമാറ്റം വിചിത്രവും ക്രമരഹിതവുമായിരുന്നു. അതിനാല്‍ അവന്‍ വെടിവെപ്പ് കണ്ട് പരിഭ്രമിച്ചതാണെന്ന് അവര്‍ കരുതി. ആ മനുഷ്യന്‍ ഗാര്‍ഡുകളോട് പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. ഏകദേശം 10 മിനിറ്റിനു ശേഷം പോലീസ് എത്തിയപ്പോള്‍, സംഭവത്തിന്റെ ഉത്തരവാദിത്തം അയാള്‍ ഏറ്റെടുത്തു. ഞാന്‍ ഗാസക്ക് വേണ്ടിയാണ് അത് ചെയ്തത് എന്ന് പറഞ്ഞു – സാറാ മരിനോ വെളിപ്പെടുത്തി.
വെടിവെപ്പിന് മുമ്പ് പ്രതി മ്യൂസിയത്തിന് പുറത്ത് അലഞ്ഞുതിരിയുന്നത് കണ്ടതായും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായും വാഷിംഗ്ടണ്‍ പോലീസ് മേധാവി പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങള്‍ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും വെടിവെപ്പിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് ഞങ്ങള്‍ ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും നഗരത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തെ കുറിച്ചോ വിദ്വേഷ കുറ്റകൃത്യത്തെ കുറിച്ചോ ഞങ്ങള്‍ക്ക് ഒരു രഹസ്യ വിവരവും ലഭിച്ചിട്ടില്ലെന്നും വാഷിംഗ്ടണ്‍ പോലീസ് മേധാവി സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group