ജിദ്ദ – ലെബനോനില്‍ ഹിസ്ബുല്ലക്കു കീഴിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്കു നേരെ ഇസ്രായില്‍ രൂക്ഷമായ ആക്രമണത്തിന് തുടക്കമിട്ടു. ഹിസ്ബുല്ലയുടെ ധനകാര്യ സ്ഥാപനമായ അല്‍ഖര്‍ദ് അല്‍ഹസന്‍ അസോസിയേഷന്‍ സ്ഥാപനങ്ങള്‍ക്കു നേരെയാണ് ആക്രമണം നടത്തുന്നത്. ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായിലി സൈന്യം ആവശ്യപ്പെട്ടു. ബെയ്‌റൂത്തില്‍ ഹിസ്ബുല്ലയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു നേരെ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കു ശേഷമാണ് ഹിസ്ബുല്ല ധനകാര്യ സ്ഥാപനങ്ങള്‍ക്കു നേരെ ഇസ്രായിലി സൈന്യം ആക്രമണത്തിന് തുടക്കമിട്ടത്.
ലെബനോനിലെങ്ങും അല്‍ഖര്‍ദ് അല്‍ഹസന്‍ ഓഫീസുകള്‍ക്കും ശാഖകള്‍ക്കും നേരെ ആക്രമണങ്ങള്‍ നടത്തുമെന്ന് മുതിര്‍ന്ന ഇസ്രായിലി ഇന്റലിജന്‍സ് ഓഫീസര്‍ പറഞ്ഞു. അല്‍ഖര്‍ദ് അല്‍ഹസന്‍ അസോസിയേഷന് ലെബനോനില്‍ എങ്ങുമായി 30 ലേറെ ശാഖകളുണ്ട്. ഇതില്‍ 15 എണ്ണം മധ്യബെയ്‌റൂത്തിലും പ്രാന്തപ്രദേശങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്.
ഹിസ്ബുല്ല പോരാളികള്‍ക്ക് വേതനം നല്‍കാനും ആയുധങ്ങള്‍ വാങ്ങാനുള്ള സഹായങ്ങള്‍ വിതരണം ചെയ്യാനും ഉപയോഗിക്കുന്ന സ്ഥാപനമാണ് അല്‍ഖര്‍ദ് അല്‍ഹസന്‍ അസോസിയേഷന്‍. നോണ്‍-പ്രോഫിറ്റ് സ്ഥാപനമെന്നോണം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന അല്‍ഖര്‍ദ് അല്‍ഹസന്‍ മറ്റു ധനകാര്യ സേവനങ്ങളും നല്‍കുന്നു. സാധാരണക്കാരായ ലെബനോനികളും സ്ഥാപനത്തിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. സമീപ കാലത്ത് ഭരണകൂടവും ധനകാര്യ സ്ഥാപനങ്ങളും പരാജയപ്പെട്ട ഒരു രാജ്യത്ത് ശിയാ വിഭാഗത്തിനിടയില്‍ തങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ ഹിസ്ബുല്ല ഈ സ്ഥാപനത്തെ ഉപയോഗിച്ചു.
ബെയ്‌റൂത്ത് എയര്‍പോര്‍ട്ടിനു സമീപം പ്രവര്‍ത്തിക്കുന്ന അല്‍ഖര്‍ദ് അല്‍ഹസന്‍ ശാഖക്കു നേരെയും ഇന്നലെ രാത്രി ആക്രമണമുണ്ടായി. ഇതിനിടെയും ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്തു. അല്‍ഖര്‍ദ് അല്‍ഹസന്‍ അസോസിയേഷന്‍ ഇസ്രായിലിനെതിരായ ഹിസ്ബുല്ലയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതായി ഇസ്രാലിയി സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. സ്ഥാപനത്തിന് അമേരിക്ക നേരത്തെ മുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.