ജിദ്ദ – മധ്യഇസ്രായിലില്‍ ഹൈഫ നഗരത്തിന് തെക്ക് ബിന്‍യാമിനക്ക് സമീപം സൈനിക താവളം ലക്ഷ്യമിട്ട് ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടതായും ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായില്‍ സൈന്യം അറിയിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ 60 ലേറെ സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായില്‍ ആംബുലന്‍സ് സര്‍വീസ് നേരത്തെ അറിയിച്ചിരുന്നു. പരിക്കേറ്റവരില്‍ നാലു പേര്‍ അത്യാസന്ന നിലയിലാണെന്നും അഞ്ചു പേരുടെ പരിക്ക് ഗുരുതരമാണെന്നും ഇസ്രായിലിന്റെ ദേശീയ എമര്‍ജന്‍സി മെഡിക്കല്‍, ആംബുലന്‍സ്, ബ്ലഡ് ബാങ്ക് സര്‍വീസ് ആയ മേഗന്‍ ഡേവിഡ് ആഡം ഡയറക്ടര്‍ ഇലി ബിന്‍ പറഞ്ഞു. ഡ്രോണ്‍ പതിച്ച സ്ഥലത്ത് വാണിംഗ് സൈറനുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ഇലി ബിന്‍ പറഞ്ഞു.
ബെയ്‌റൂത്തിലെ അല്‍നുവൈരി, അല്‍ബസ്ത ഡിസ്ട്രിക്ടുകളിലും ലെബനോനിലെ മറ്റു പ്രദേശങ്ങളിലും നടത്തിയ ആക്രമണങ്ങള്‍ക്കും ശത്രു നടത്തുന്ന കൂട്ടക്കുരുതികള്‍ക്കുമുള്ള തിരിച്ചടിയെന്നോണം ഹൈഫക്ക് തെക്ക് ബിന്‍യാമിനയിലെ ഗോലാനി ബ്രിഗേഡിലെ (ഇസ്രായില്‍ സൈന്യത്തിലെ ഉന്നത സേന) പരിശീല ക്യാമ്പില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു. ഹിസ്ബുല്ല ചുരുങ്ങിയത് രണ്ടു ഡ്രോണുകളാണ് തൊടുത്തുവിട്ടതെന്ന് ഇസ്രായില്‍ പത്രമായ യദീയോത് അഹ്‌റോനോത്ത് പറഞ്ഞു. ഇതില്‍ ഒരു ഡ്രോണ്‍ അക്കായിലും നഹാരിയയിലും വാണിംഗ് സൈറണുകള്‍ മുഴങ്ങിയതിനെ തുടര്‍ന്ന് ഇസ്രായില്‍ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു. രണ്ടാമത്തെ ഡ്രോണ്‍ ഇസ്രായിലിനകത്തേക്ക് കയറി ഹൈഫക്ക് തെക്ക് പൊട്ടിത്തെറിക്കുകയായിരുന്നെന്നും പത്രം പറഞ്ഞു.
ഇസ്രായില്‍ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയ ശേഷം ഹൈഫ നഗരത്തിന് തെക്ക് സൈനിക താവളം ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായും ഹിസ്ബുല്ല പറഞ്ഞു. ഹൈഫക്ക് തെക്ക് റീഹാബിലിറ്റേഷന്‍ ആന്റ് മെയിന്റനന്‍സ് സെന്ററില്‍ (7200) ആണ് മിസൈല്‍ ആക്രമണം നടത്തിയത്. ഇതിനു മുമ്പും പലതവണ ഇതേ കേന്ദ്രം ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ശനിയാഴ്ചയാണ് റീഹാബിലിറ്റേഷന്‍ ആന്റ് മെയിന്റനന്‍സ് സെന്ററില്‍ (7200) ആക്രമണം നടത്തിയതെന്നും ഹിസ്ബുല്ല പറഞ്ഞു.
ഡ്രോണിന്റെ റൂട്ട് ഇസ്രായില്‍ വ്യോമസേന അന്വേഷിക്കുന്നുണ്ടെന്നും, വാണിംഗ് സൈറണുകള്‍ മുഴങ്ങാതിരുന്നതും ഡ്രോണ്‍ തടസ്സപ്പെടുത്താന്‍ ശ്രമങ്ങള്‍ ഉണ്ടാകാതിരുന്നതും എന്തുകൊണ്ടാണെന്ന് പരിശോധിക്കുന്നുണ്ടെന്നും ഇസ്രായിലി പത്രമായ ഹാരട്‌സ് പറഞ്ഞു. ആദ്യ ആക്രമണം നടന്ന് മിനിറ്റുകള്‍ക്കു ശേഷം മറ്റൊരു ഡ്രോണ്‍ സമുദ്രത്തിനു മുകളില്‍ വെച്ച് വെടിവെച്ചിട്ടതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. മിസൈല്‍ പ്രവാഹത്തിന്റെ മറവിലാണ് ഡ്രോണുകള്‍ ലെബനോനില്‍ നിന്ന് അയച്ചതെന്ന് ജറൂസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ലെബനോനെതിരെ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇസ്രായിലില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഹിസ്ബുല്ല ഭീഷണി മുഴക്കി. ഇസ്രായില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ഹിസ്ബുല്ല പോരാളികള്‍ നഹാരിയ, അക്ക എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യങ്ങളിലേക്ക് ഡസന്‍ കണക്കിന് മിസൈലുകള്‍ തൊടുത്തുവിട്ടു.
ഇതേസമയം, അക്കയിലെയും ഹൈഫയിലെയും വിവിധ പ്രദേശങ്ങളിലേക്ക് ഒരുകൂട്ടം ഡ്രോണുകളും വിക്ഷേപിച്ചു. അവയില്‍ ചിലയിനം ആദ്യമായി ഉപയോഗിക്കുകയായിരുന്നെന്നും ഹിസ്ബുല്ല പറഞ്ഞു.
ഇസ്രായിലി വ്യോമ പ്രതിരോധ റഡാറുകള്‍ക്ക് കണ്ടെത്താനാകാതെ തുളച്ചുകയറി അധിനിവേശ നഗരമായ ഹൈഫക്ക് തെക്ക് ബിന്‍യാമിന ഏരിയയിലെ ഗോലാനി ബ്രിഗേഡ് പരിശീലന ക്യാമ്പില്‍ ആക്രമണം നടത്താന്‍ ഡ്രോണുകള്‍ക്ക് സാധിച്ചു. ലെബനോനിതിരായ ആക്രമണത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്ന ഡസന്‍ കണക്കിന് മുതിര്‍ന്ന ഉദ്യോഗസ്ഥരും സൈനികരും കഴിയുന്ന മുറികളിലാണ് ഡ്രോണുകള്‍ പൊട്ടിത്തെറിച്ചതെന്നും ഹിസ്ബുല്ല പറഞ്ഞു.
സെപ്റ്റംബര്‍ 23 ന് ലെബനോനില്‍ ഹിസ്ബുല്ലക്കെതിരെ ഇസ്രായില്‍ ആക്രമണം രൂക്ഷമാക്കിയ ശേഷം ഇസ്രായിലി സൈനിക താവളം ലക്ഷ്യമിട്ട് ഹിസ്ബുല്ല നടത്തിയ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമാണ് ഇന്നലെ രാത്രിയുണ്ടായത്. സെപ്റ്റംബര്‍ 23 മുതല്‍ ഇസ്രായിലിന്റെ ആക്രമണങ്ങളില്‍ ഹസന്‍ നസ്‌റല്ല അടക്കം ഹിസ്ബുല്ലയുടെ ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 1,300 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.