ജിദ്ദ – ബെയ്റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഇന്നലെ പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ ഹസന് നസ്റല്ലയുടെ പിന്‍ഗാമിയായി വ്യാപകമായ കരുതപ്പെടുന്ന ഹിസ്ബുല്ല എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് ഹാശിം സ്വഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന് റെവല്യൂഷനറി ഗാര്‍ഡ് ഉദ്യോഗസ്ഥരും ഹാശിം സ്വഫിയുദ്ദീനൊപ്പം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യമിട്ട് ഇന്നലെ ഇസ്രായില്‍ ബോംബാക്രമണം നടത്തിയ സ്ഥലത്ത് ആരെങ്കിലും ജീവനോടെ ശേഷിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ഹിസ്ബുല്ല നേതാക്കളും ഇറാന് നേതാക്കളും പങ്കെടുത്ത മീറ്റിംഗ് ലക്ഷ്യമിട്ടാണ് ഇസ്രായില്‍ സൈന്യം ഇന്നലെ അതിശക്തമായ ബോംബാക്രമണം നടത്തിയത്. ശക്തമായ ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍, ഹാശിം സ്വഫിയുദ്ദീന്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന സ്ഥലത്ത് തിരച്ചിലുകള്‍ നടത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ലെന്ന് ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തിനു ശേഷം സ്വഫിയുദ്ദീനുമായുള്ള വാര്‍ത്താ വിനിമയ ബന്ധം മുറിഞ്ഞതായും ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഹസന് നസ്റല്ലയെ വധിക്കാന്‍ നടത്തിയതിലും ശക്തമായ ആക്രമണമായിരുന്നു ഇന്നലത്തെത്. ഒരു ടണ്‍ വീതമുള്ള 80 ബോംബുകള്‍ വര്‍ഷിച്ച് ബഹുനില കെട്ടിടത്തിന്റെ അണ്ടര്‍ ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിസ്ബുല്ല കമാന്‍ഡ് ആന്റ് കണ്ട്രോള് സെന്റര്‍ തകര്‍ത്ത് തരിപ്പണമാക്കിയാണ് നസ്റല്ലയെ ഇസ്രായില്‍ സൈന്യം വധിച്ചത്. സെപ്റ്റംബര്‍ 23 ന് ഹിസ്ബുല്ലക്കെതിരെ ഇസ്രായില്‍ യുദ്ധം ആരംഭിച്ച ശേഷം നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണ് ഹാശിം സ്വഫിയുദ്ദീനെ ലക്ഷ്യമിട്ട് ഇന്നലെ പുലര്‍ച്ചെ നടത്തിയത്.
ഇന്നലെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന് റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖാആനിക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം ഇസ്രായില്‍ അന്വേഷിച്ചുവരികയാണെന്ന് ഇസ്രായിലിലെ ചാനല്‍ 12 സൂചിപ്പിച്ചു. ഹിസ്ബുല്ല നേതാവ് ഹസന് നസ്റല്ല കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനു ശേഷം തെഹ്റാനിലെ ഹിസ്ബുല്ല പ്രതിനിധി അബ്ദുല്ല സ്വഫിയുദ്ദീന്റെ ഓഫീസിലാണ് ഇസ്മായില്‍ ഖാആനി അവസാനമായി പ്രത്യക്ഷപ്പെട്ടത്.
അതേസമയം, ഇറാനെതിരെ വന്‍തോതിലുള്ള ആക്രമണത്തിന് ഇസ്രായില്‍ സൈന്യം കോപ്പുകൂട്ടിവരികയാണെന്ന് ഇസ്രായില്‍ സൈനിക റേഡിയോ വെളിപ്പെടുത്തി. ആക്രമണം ഇറാനില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇസ്രായില്‍ ആക്രമണത്തിന് മേഖലയിലെ പങ്കാളികളായ രാജ്യങ്ങളില്‍ നിന്ന് വലിയ തോതിലുള്ള സഹകരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലെബനോനില്‍ ഇസ്രായില്‍ സൈന്യം വ്യോമ, കരയാക്രമണം ആരംഭിച്ച ശേഷം 400 ലേറെ ഹിസ്ബുല്ല പോരാളികള്‍ കൊല്ലപ്പെട്ടതായും ഇസ്രായില്‍ സൈനിക റേഡിയോ പറഞ്ഞു.