ജിദ്ദ: ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രായിലുമായി കരാറിലൊപ്പിടാൻ തയാറാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന് ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിനോട് ആവശ്യപ്പെടുന്നതായി ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബാസിം നഈം പറഞ്ഞു. വെടിനിര്‍ത്തല്‍ വ്യവസ്ഥകൾ മുന്നോട്ടുവെക്കുകയും ഇസ്രായില്‍ അത് പാലിക്കുകയുമാണെങ്കില്‍ കരാറിന് ഹമാസ് തയാറാണ്. ഗാസയിലും മേഖലയിലും ആക്രമണവും യുദ്ധവും നിർത്താനും ഫലസ്തീന്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കാനും ഇസ്രായില്‍ സർക്കാരിനുമേൽ അമേരിക്കന്‍ ഭരണകൂടവും നിയുക്ത പ്രസിഡന്റ് ഡൊനൾട് ട്രംപും സമ്മര്‍ദം ചെലുത്തണമെന്നും ബാസിം നഈം ആവശ്യപ്പെട്ടു.
ഫലസ്തീനികളുടെ ദേശീയ അവകാശങ്ങള്‍ ഹനിക്കുന്ന, ഗാസ യുദ്ധാനന്തര പദ്ധതികള്‍ അടിച്ചേല്‍പിക്കുന്നത് നിരാകരിക്കുന്നതായി ഹമാസ് ആവര്‍ത്തിച്ചു. ഗാസയുടെ മണ്ണില്‍ ഇസ്രായിലിന് ഭാവിയില്ല. അധിനിവേശം തകര്‍ക്കുന്നതു വരെ ഫലസ്തീന്‍ ജനത ചെറുത്തുനില്‍പ് തുടരും. ഗാസയില്‍ 400 ദിവസത്തിലേറെയായി നടക്കുന്ന ഹീനമായ യുദ്ധക്കുറ്റങ്ങള്‍ക്ക് അമേരിക്കയാണ് ഉത്തരവാദിയെന്നും ഹമാസ് പറഞ്ഞു.
മൂന്ന് ഇസ്രായിലി സൈനികരെ വകവരുത്തിയെന്ന് ഹമാസ്
അതിനിടെ, ഉത്തര ഗാസയിലെ ബെയ്ത്ത് ലാഹിയക്ക് വടക്ക് മൂന്നു ഇസ്രായിലി സൈനികരെ കൊലപ്പെടുത്തിയതായി ഹമാസിനു കീഴിലെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് ഇന്ന് അറിയിച്ചു. മറ്റൊരു ഇസ്രായിലി സൈനികനെ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്തിയതായും ബെയ്ത്ത് ലാഹിയയില്‍ ഇസ്രായിലി ടാങ്കും സൈനിക ബുള്‍ഡോസറും ലക്ഷ്യമിട്ട് ഷെല്ലാക്രമണങ്ങള്‍ നടത്തിയതായും അല്‍ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.
ഇന്നു പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ചാനലായ അല്‍അഖ്‌സ റിപ്പോര്‍ട്ട് ചെയ്തു. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 43,736 ആയും പരിക്കേറ്റവരുടെ എണ്ണം 1,03,370 ആയും ഉയര്‍ന്നതായി ഗാസ ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചു. ലെബനോനിലെ വിവിധ പ്രദേശങ്ങളിലും ഇന്നും ഇസ്രായില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ തുടര്‍ന്നു. ഇന്നലെ സിറിയയുടെ തലസ്ഥാനമായ അല്‍മസ്സ ഡിസ്ട്രിക്ടിലും സമീപത്തെ ഖുദ്‌സിയ ഡിസ്ട്രിക്ടിലെ ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റ് ആസ്ഥാനവും ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.