ഗാസ – ഗാസ സിറ്റിയിലെ ശുജാഇയ ഡിസ്ട്രിക്ടിന് കിഴക്കുള്ള അല്‍ശാബൂറ സ്ട്രീറ്റില്‍ ഹമാസ് സുരക്ഷാ സേന നടത്തിയ ആസൂത്രിതമായ ആക്രമണത്തില്‍ ഇസ്രായില്‍ സേനയുമായി സഹകരിച്ച രണ്ട് പേര്‍ കൊല്ലപ്പെട്ടതായും മറ്റൊരാളെ അറസ്റ്റ് ചെയ്തതായും ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഗാസ സ്ട്രിപ്പിലെ ദെയ്ര്‍ അല്‍ബലഹ് നഗരത്തില്‍ ഹമാസ് സുരക്ഷാ സേനയും നിയമവിരുദ്ധ സംഘവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ നടന്നതായും പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പിലെ ഗവര്‍ണറേറ്റുകളില്‍ സമഗ്രമായ റെയ്ഡുകള്‍ തുടരുകയും വിപുലമായ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നും ഇതിന്റെ ഫലമായി ഇസ്രായിലുമായി സഹകരിക്കുന്ന നിരവധി പേരെയും നിയമവിരുദ്ധരെയും അറസ്റ്റ് ചെയ്തതായും ഹമാസ് സുരക്ഷാ സേന പ്രസ്താവനയില്‍ പറഞ്ഞു.
ഗാസ സിറ്റിയുടെ തെക്ക് ഭാഗത്തുള്ള സ്വബ്‌റ, തല്‍ അല്‍ഹവ ഡിസ്ട്രിക്ടുകളില്‍ കഴിയുന്ന, ഗാസ മുനമ്പിലെ ഏറ്റവും വലിയ കുടുംബങ്ങളിലൊന്നായ ദഗ്മുശ് കുടുംബത്തിലെ അംഗങ്ങളും ഹമാസ് അംഗങ്ങളും തമ്മിലുള്ള വെടിവെപ്പില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് ഇരുവിഭാഗവും തമ്മില്‍ വെടിവെപ്പ് ഉണ്ടായത്. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സിലെ രണ്ട് പ്രവര്‍ത്തകരെ ദഗ്മുശ് കുടുംബത്തിലെ അംഗങ്ങള്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അല്‍ഖസ്സാം ബ്രിഗേഡ്‌സ് മുതിര്‍ന്ന കമാന്‍ഡര്‍ ഇമാദ് അഖ്‌ലിന്റെ മകന്‍ അടക്കം രണ്ടു പേര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിയില്‍ ഇസ്രായില്‍ ആക്രമണം ആരംഭിച്ചതിനെ തുടര്‍ന്ന് അടുത്തിടെ ജീവനക്കാരെ ഒഴിപ്പിച്ച ജോര്‍ദാനിയന്‍ ഫീല്‍ഡ് ആശുപത്രിക്ക് സമീപം നടക്കുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്ന ശേഷം ഹമാസ് ഗാസ മുനമ്പില്‍ സ്ഥാനം വീണ്ടും ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. തങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കുന്ന ഗ്രൂപ്പുകള്‍ക്കെതിരായ ഹമാസിന്റെ സുരക്ഷാ നടപടിയില്‍ ഏകദേശം 32 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. തകര്‍ന്നടിഞ്ഞ ഗാസയില്‍ താല്‍ക്കാലിക സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ ഹമാസിന് അമേരിക്കയുടെ അനുമതി ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നശേഷം, ഹമാസ് തങ്ങളുടെ ഉദ്യോഗസ്ഥരെ ഗാസയിലെ തെരുവുകളിലേക്ക് ക്രമേണ വിന്യസിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
ഗാസയിലെ പ്രമുഖ കുടുംബത്തില്‍ പെട്ട സംഘത്തിലെ 32 അംഗങ്ങളെ കൊലപ്പെടുത്തിയെന്നും ഏറ്റുമുട്ടലുകളില്‍ ആറ് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുഖംമൂടി ധരിച്ച തോക്കുധാരികള്‍ ഏഴ് പേരെ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇസ്രായിലുമായി സഹകരിച്ചുവെന്ന് ആരോപിച്ച് മൂന്ന് പേരെ വധിച്ചതായി കഴിഞ്ഞ മാസം ഹമാസ് അറിയിച്ചിരുന്നു. ഇവരെ പരസ്യമായി വധിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.