ഗാസ – ഗാസ മുനമ്പില്‍ ഇസ്രായേലി വ്യോമാക്രമണങ്ങള്‍ക്കുമിടെ ഒരു ഇസ്രായിലി ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് റെഡ് ക്രോസിന് കൈമാറി. തെക്കന്‍ ഗാസ മുനമ്പിലെ മീറ്റിംഗ് പോയിന്റില്‍ വെച്ച് ബന്ദികളില്‍ ഒരാളുടെ മൃതദേഹം റെഡ് ക്രോസില്‍ നിന്ന് സ്വീകരിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
ഹമാസും ഇസ്രായിലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം കൈമാറുന്ന 13-ാമത്തെ ബന്ദിയുടെ മൃതദേഹമാണിത്. ബന്ദികളുടെ മൃതദേഹങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കണ്ടെത്തിയതായി ഞായറാഴ്ച വൈകുന്നേരം ഹമാസ് അറിയിച്ചിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിൽ ഇസ്രായിലി ബന്ദിയുടെ മൃതദേഹം കൈമാറുമെന്ന് ഹമാസ് വ്യക്തമാക്കി.
ഇസ്രായില്‍ ആക്രമിക്കുന്നത് ബന്ദികളുടെ മൃതദേഹങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിനെ തടസ്സപ്പെടുത്തുമെന്നും ഇത് ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നത് വൈകിപ്പിക്കുമെന്നും ഹമാസ് വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരം ഹമാസ് രണ്ട് മൃതദേഹങ്ങള്‍ റെഡ് ക്രോസിന് കൈമാറിയിരുന്നു. 28 ഇസ്രായിലി ബന്ദികളില്‍ 15 പേരുടെ മൃതദേഹങ്ങള്‍ എവിടെയാണെന്ന കാര്യം ഇപ്പോഴും അജ്ഞാതമായതിനാല്‍ അവ കണ്ടെത്താനുള്ള തിരച്ചില്‍ വളരെ പ്രയാസകരമാണ്. മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നത് ഹമാസ് വൈകിപ്പിക്കുകയാണെന്നും എല്ലാ മൃതദേഹങ്ങളും തിരികെ നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ നിബന്ധനകള്‍ ഹമാസ് ലംഘിച്ചതായും ഇസ്രായില്‍ ആരോപിക്കുന്നു.
രണ്ട് വര്‍ഷത്തെ വിനാശകരമായ യുദ്ധം മൂലം ഗാസയില്‍ വന്‍തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതിനാൽ തന്നെ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പ്രയാസകരമാണെന്ന് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ഒക്ടോബര്‍ 10 മുതല്‍ ഹമാസ് ആവര്‍ത്തിച്ച് പറയുന്നുണ്ട്.



