തെല്‍അവീവ് – പതിനഞ്ചു മാസം നീണ്ട ഗാസ യുദ്ധത്തില്‍ ഇസ്രായിലി സൈന്യം 20,000 ഓളം ഹമാസ് പോരാളികളെ കൊന്നൊടുക്കിയതായി സ്ഥാനമൊഴിയുന്ന ഇസ്രായേലി ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹാലേവി പറഞ്ഞു. ഹമാസിന്റെ സായുധ വിഭാഗത്തിന് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഹമാസിന്റെ ഉന്നത നേതാക്കളെയും ഏകദേശം 20,000 ഹമാസ് പോരാളികളെയും ഇസ്രായില്‍ കൊന്നൊടുക്കിയെന്നും രാജി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഹെര്‍സി ഹാലേവി പറഞ്ഞു.
2023 ഒക്‌ടോബര്‍ ഏഴിന് ഗാസയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട്, സൈന്യത്തിന്റെയും സുരക്ഷാ സംവിധാനങ്ങളുടെയും പരാജയങ്ങളുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി പറഞ്ഞാണ് ഹെര്‍സി ഹലേവി രാജി പ്രഖ്യാപിച്ചത്. മാര്‍ച്ച് ആറിന് തന്റെ ചുമതലകള്‍ അവസാനിപ്പിക്കുമെന്നും സ്ഥാനത്ത് നിന്ന് വിരമിക്കുമെന്നും രാജി പ്രഖ്യാപനത്തില്‍ ഹെര്‍സി ഹലേവി പറഞ്ഞു.
1967 ല്‍ ഇസ്രായില്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലും 27 ലക്ഷം ഫലസ്തീനികള്‍ക്കിടയില്‍ ഏഴു ലക്ഷത്തോളം ഇസ്രായിലി കുടിയേറ്റക്കാര്‍ താമസിക്കുന്നു. യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലെ ഇസ്രായിലിന്റെ കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് മിക്ക രാജ്യങ്ങളും കരുതുന്നു. ചരിത്രപരവും ബൈബിള്‍പരവുമായ ഈ ഭൂമിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഇസ്രായില്‍ ഇതിനെ എതിര്‍ക്കുന്നു.
തിങ്കളാഴ്ച വൈകുന്നേരം വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ കുടിയേറ്റക്കാര്‍ ഫലസ്തീനികളെ ആക്രമിക്കുകയും കാറുകള്‍ തകര്‍ക്കുകയും സ്വത്തുക്കള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഡസന്‍ കണക്കിന് ഇസ്രായിലി സിവിലിയന്മാര്‍ ഉള്‍പ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇസ്രായിലി സൈന്യം അറിയിച്ചു.
ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തെയും വെസ്റ്റ് ബാങ്കിനെ ഛിന്നഭിന്നമാക്കാന്‍ ലക്ഷ്യമിട്ടുള്ള റോഡ് ബ്ലോക്കുകള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതിനെയും ഫലസ്തീന്‍ അതോറിറ്റി അപലപിച്ചു. ആര്‍ക്കും സമാധാനവും സുരക്ഷയും നല്‍കാത്ത ഈ കുറ്റകൃത്യങ്ങളും ഇസ്രായിലി നയങ്ങളും തടയുന്നതിന് ഇടപെടാന്‍ പുതിയ അമേരിക്കന്‍ ഭരണകൂടത്തോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു – ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.