ഗാസ – കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഏഴിന് നടത്തിയ മിന്നലാക്രമണത്തിലൂടെ പിടിച്ച, തങ്ങളുടെയും മറ്റു ഫലസ്തീന്‍ ഗ്രൂപ്പുകളുടെയും പക്കലുള്ള ജീവനോടെയിരിക്കുന്ന ഇസ്രായിലി ബന്ദികളുടെ കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ ഹമാസ് പുതിയ നടപടികള്‍ ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായിലുമായി എത്രയും വേഗം ഒരു ബന്ദി കൈമറ്റ കരാറിലെത്താനുള്ള തയാറെടുപ്പിന്റെ ഭാഗമായി ജീവനോടെ ശേഷിക്കുന്ന ബന്ദികളുടെ കണക്കുകള്‍ ശേഖരിക്കാന്‍ മറ്റു ഫലസ്തീന്‍ ഗ്രൂപ്പുകളുമായി ഹമാസ് ആശയവിനിമയം നടത്തിയിട്ടുണ്ട്.
ഇസ്രായിലുമായി ഹമാസ് നടത്തുന്ന പരോക്ഷമായ ചര്‍ച്ചകളില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ട്. ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എങ്കിലും ജീവിച്ചിരിക്കുന്ന ഇസ്രായിലി ബന്ദികളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അതിനിടെ, ബെയ്ത് ലാഹിയയില്‍ ജനവാസ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തിലും വടക്കന്‍ ഗാസയിലെ ജബാലിയയില്‍ അഭയാര്‍ഥികള്‍ കഴിയുന്ന സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിലും മറ്റിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലും ഡസന്‍ കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബെയ്ത് ലാഹിയയില്‍ കമാല്‍ അദ്വാന്‍ ആശുപത്രി പരിസരത്ത് ജനവാസ കേന്ദ്രവും വീടുകളും ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 30 ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജബാലിയയില്‍ അഭയാര്‍ഥികള്‍ കഴിയുന്ന അല്‍റാഫിഇ സ്‌കൂളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ രണ്ടു പേരും റഫക്ക് വടക്ക് ഖിര്‍ബെത് അല്‍അദസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്നു ഫലസ്തീനികളും കൊല്ലപ്പെട്ടു.
കാണാതായത് നിരവധി പേരെ
ബെയ്ത് ലാഹിയയില്‍ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി നിരവധി പേരെ കാണാതായിട്ടുണ്ട്. തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു. പരിക്കേറ്റ നിരവധി പേരും തെരുവുകളില്‍ കിടക്കുന്നു. ആംബുലന്‍സുകളും മെഡിക്കല്‍ ടീമുകളും സ്ഥലത്തേക്ക് വരുന്നത് ഇസ്രായില്‍ സൈന്യം തടയുകയാണ്. പ്രദേശത്തേക്ക് അടുക്കാന്‍ ശ്രമിക്കുന്ന ആരെയും ഇസ്രായില്‍ സൈന്യം ലക്ഷ്യമിടുകയാണ്. ഗാസ സിറ്റിയിലും വടക്ക് ജബാലിയയിലും തെക്ക് റഫയിലും ഇസ്രായില്‍ സൈന്യം നിരവധി റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളും വീടുകളും തകര്‍ത്തതായും ഫലസ്തീന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായില്‍ ആക്രമണത്തിന്റെ ഫലമായി, അടിയന്തര പരിചരണം ആവശ്യമുള്ള 20 രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ മതിയായ പരിചയസമ്പത്തില്ലാത്ത രണ്ട് ശസ്ത്രക്രിയാ വിദഗ്ധര്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രിയില്‍ അവശേഷിക്കുന്നതെന്ന് കമാല്‍ അദ്വാന്‍ ആശുപത്രി ഡയറക്ടര്‍ ഹുസാം അബൂസഫിയ പറഞ്ഞു. ആസന്നമായ ആക്രമണത്തെക്കുറിച്ചുള്ള ഭയവും പ്രദേശത്ത് നടക്കുന്ന കനത്ത ബോംബിംഗും കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ പരിഭ്രാന്തി പരത്തിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ആശുപത്രി ഒഴിപ്പിക്കാന്‍ ഇസ്രായില്‍ സൈന്യത്തില്‍ നിന്ന് ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ലെങ്കിലും ആസന്നമായ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒറ്റരാത്രികൊണ്ട് പ്രചരിച്ചതായി അധിനിവിഷ്ട ഫലസ്തീനിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി റിക് പീപര്‍കോണ്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ഫലസ്തീനികള്‍ ആശുപത്രി മതിലുകള്‍ ചാടിക്കയറുകയും ഇതിനിടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഴ്ചകളോളം പരാജയപ്പെട്ട ശ്രമങ്ങള്‍ക്കു ശേഷം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് ഇന്തോനേഷ്യന്‍ ശസ്ത്രക്രിയാ വിദഗ്ധര്‍ ഉള്‍പ്പെടെ ഒരു എമര്‍ജന്‍സി ടീമിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ലോകാരോഗ്യ സംഘടനക്ക് കഴിഞ്ഞത്. ആശുപത്രി കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിച്ച മറ്റു നിരവധി ഫലസ്തീന്‍ പൗരന്മാര്‍ക്കൊപ്പം ഇന്നലെ രാവിലെ ഈ എമര്‍ജന്‍സി ടീമിന് സുരക്ഷിത സ്ഥലത്തേക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. ഗാസയില്‍ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ പരിക്കേറ്റവരും രോഗികളുമായ 12,000 ഓളം പേര്‍ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നത് കാത്തിരിക്കുകയാണെന്നും റിക് പീപര്‍കോണ്‍ പറഞ്ഞു.