സന്‍ആ– സന്‍ആയിലും ഹുദൈദയിലുമായി 11 യുഎന്‍ ജീവനക്കാരെ ഹൂത്തി ഗ്രൂപ്പ് അറസ്റ്റ് ചെയ്ത സംഭവത്തെ അപലപിച്ച് യെമനിലേക്കുള്ള ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി ഹാന്‍സ് ഗ്രുന്‍ഡ്ബെര്‍ഗ്. ഹൂത്തി ഗ്രൂപ്പ് സന്‍ആയിലെ യു.എന്‍ ആസ്ഥാനം ആക്രമിക്കുകയും സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തെയും അദ്ദേഹം വിമർശിച്ചു.
ഹൂത്തികള്‍ മുമ്പ് അറസ്റ്റ് ചെയ്ത 23 യു.എന്‍ ജീവനക്കാർ വര്‍ഷങ്ങളായി തടവിലാണ്. 2021 മുതല്‍ 2023 വരെയുള്ള കാലയളവില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇതിൽ ഒരു തടവുകാരൻ കസ്റ്റഡിയില്‍ വെച്ച് മരിച്ചിരുന്നതായും ഗ്രുന്‍ഡ്ബെര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ യെമനിലെ മാനുഷിക, സമാധാന ശ്രമങ്ങളെ തകർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തടവിലാക്കപ്പെട്ട എല്ലാവരെയും ഉടനടി മോചിപ്പിക്കണമെന്നും യു.എന്‍ പ്രതിനിധി ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭാ ഏജന്‍സികളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ആസ്ഥാനങ്ങള്‍ ഹൂത്തി ഗ്രൂപ്പ് ആക്രമിക്കുകയും ഉപരോധിക്കുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി യെമന്‍ മാധ്യമ വൃത്തങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹൂത്തി സര്‍ക്കാരിലെ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഹൂത്തി ഗ്രൂപ്പിന്റെ ഈ നീക്കം. പശ്ചിമ യെമനിലെ അല്‍ഹുദൈദയിലും അന്താരാഷ്ട്ര ഏജന്‍സികളിലെ ജീവനക്കാരെ ഹൂത്തികള്‍ അറസ്റ്റ് ചെയ്തിരുന്നു.