ഗാസ സിറ്റി– ഞായറാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളടക്കം 29 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് ഏജൻസി. വെടിനിർത്തലിനുവേണ്ടി ഇസ്രായേലും ഹമാസും തമ്മിൽ ഖത്തറിൽ ഒരാഴ്ചയായി നടക്കുന്ന പരോക്ഷ ചർച്ചകൾക്കിടെയാണ് ആക്രമണമുണ്ടായത്. ഗാസ സിറ്റിയിൽ രാത്രിയിലും പുലർച്ചെയുമായി നിരവധി ആക്രമണങ്ങൾ ഉണ്ടായതായും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായും സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ പറഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു.
നുസൈറത്ത് അഭയാർത്ഥി ക്യാമ്പിന് സമീപമുള്ള ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പേരും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. നുസൈറത്ത് ക്യാമ്പിലെ കുടിവെള്ള വിതരണ കേന്ദ്രത്തിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.