തെല്‍അവീവ് – ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയാല്‍ ഇസ്രായില്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്ന് മത സയണിസം പാര്‍ട്ടിയുടെ തലവനും ഇസ്രായില്‍ ധനമന്ത്രിയുമായ ബെസലേല്‍ സ്‌മോട്രിച്ച് ഭീഷണി മുഴക്കി. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും തടവുകാരെ കൈമാറാനുമുള്ള കരാറുണ്ടാക്കാന്‍ ഇസ്രായിലിനെയും ഹമാസിനെയും സമ്മര്‍ദത്തിലാക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കയും ഖത്തറും ഈജിപ്തും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സ്‌മോട്രിച്ചിന്റെ ഭീഷണി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആക്രമിച്ച് പ്രസ്താവനകള്‍ പുറപ്പെടുവിച്ച സ്‌മോട്രിച്ച്, നെതന്യാഹു വഞ്ചകനാണെന്ന് ആരോപിച്ചു. തന്റെ പാര്‍ട്ടി സര്‍ക്കാരില്‍ നിന്ന് പിന്മാറുമെന്നും ഗവണ്‍മെന്റിന്റെ പതനം ഉറപ്പാക്കുമെന്നും ഭീഷണി മുഴക്കി.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ കുറിച്ച വാര്‍ത്ത പുറത്തുവന്ന് നിമിഷങ്ങള്‍ക്ക് ശേഷം, ഗാസ പിടിച്ചെടുക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായി, ഗാസക്കെതിരായ യുദ്ധത്തില്‍ സൈന്യത്തെ നിര്‍ണായക വിജയത്തിലേക്ക് നയിക്കാനുള്ള നെതന്യാഹുവിന്റെ കഴിവിലും സന്നദ്ധതയിലും തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായി സ്‌മോട്രിച്ച് പറഞ്ഞു. 22 മാസത്തെ യുദ്ധത്തിനിടെ നമ്മള്‍ കനത്ത വില നല്‍കി. ഹിസ്ബുല്ല, സിറിയ, ഇറാന്‍, വര്‍ഷങ്ങളായി നമ്മെ ഭീഷണിപ്പെടുത്തിയിരുന്ന മറ്റ് ശത്രുക്കള്‍ എന്നിവര്‍ക്കെതിരെ എല്ലാ മുന്നണികളിലും ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചു. ഇസ്രായിലിനെതിരെ വിശാലമായ ആക്രമണം ആസൂത്രണം ചെയ്തരെ പരാജയപ്പെടുത്തി. ഗാസയില്‍ ഹമാസിന് നമ്മള്‍ കനത്ത പ്രഹരമേല്‍പ്പിച്ചു. അതിന്റെ നേതാക്കളില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ പ്രധാന ഭാഗം നശിപ്പിക്കപ്പെട്ടു. പക്ഷേ ദൗത്യം ഇതുവരെ അവസാനിച്ചിട്ടില്ല, യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ദ്രുത സൈനിക വിജയം ഉറപ്പാക്കുകയും കനത്ത വില നല്‍കാന്‍ ഹമാസ് നിര്‍ബന്ധിതമാകുന്നതും ഹമാസിന്റെ സൈനിക, സിവിലിയന്‍ ശേഷികള്‍ നശിപ്പിക്കുന്നതും തട്ടിക്കൊണ്ടുപോയ ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാന്‍ അഭൂതപൂര്‍വമായ സമ്മര്‍ദം ചെലുത്തുന്നതും ഇസ്രായിലില്‍ മനോവീര്യം വര്‍ധിപ്പിക്കുന്നതും അടക്കമുള്ള കാര്യങ്ങള്‍ കൈവരിച്ച് ഗാസയില്‍ വിജയം നേടാനുള്ള നാടകീയ പദ്ധതി നടപ്പാക്കാന്‍ സമീപ ആഴ്ചകളില്‍ ഞാന്‍ നെതന്യാഹുവിനൊപ്പം പ്രവര്‍ത്തിച്ചു. ആഴ്ചകളോളം, പ്രധാനമന്ത്രി പദ്ധതിയെ പിന്തുണച്ചതായി തോന്നി. അദ്ദേഹം അതിന്റെ വിശദാംശങ്ങള്‍ എന്നോട് ചര്‍ച്ച ചെയ്തു. ഒരു നിര്‍ണായക തീരുമാനം എടുക്കാനും അവസാനം വരെ മുന്നോട്ട് പോകാനും താന്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍, അദ്ദേഹം അതില്‍ നിന്ന് പിന്മാറി.
ഗാസ അധിനിവേശത്തിന് തയ്യാറെടുക്കാന്‍ സൈന്യത്തിന് രണ്ട് മാസത്തെ സമയം നല്‍കിയതിന്റെ പേരില്‍ സ്‌മോട്രിച്ച് മന്ത്രിസഭാ തീരുമാനത്തെ വിമര്‍ശിച്ചു. ഇത് ഒരു വഞ്ചനയാണ്. നെതന്യാഹുവും മന്ത്രിസഭയും ബലഹീനതക്ക് വഴങ്ങി. യുക്തിക്ക് മുകളില്‍ വികാരങ്ങള്‍ അവരെ കീഴടക്കി. അവര്‍ പഴയ കാര്യം ആവര്‍ത്തിക്കാനും സൈനിക നടപടി ആരംഭിക്കാനും തീരുമാനിച്ചു. അതിന്റെ ലക്ഷ്യം ഒരു തീരുമാനമെടുക്കുക എന്നതല്ല, മറിച്ച് ഭാഗിക കരാറിലേക്ക് ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്നതായിരുന്നു. ഹമാസ് കരാറിന് സമ്മതിച്ചാല്‍ ഞങ്ങള്‍ യുദ്ധം നിര്‍ത്താനും ഗാസയില്‍ നിന്ന് പിന്‍വാങ്ങാനും സമ്മതിക്കുമെന്ന് നെതന്യാഹു വ്യക്തമായി പ്രസ്താവിച്ചു. ഈ തീരുമാനം വിഡ്ഢിത്തവും അധാര്‍മികവുമാണ്. ഈ രീതിയില്‍ നമുക്ക് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല. ബന്ദികളെ തിരികെ എത്തിക്കാന്‍ സാധിക്കില്ല. നാം യുദ്ധത്തില്‍ വിജയിക്കില്ല – സ്‌മോട്രിച്ച് പറഞ്ഞു.
സ്‌മോട്രിച്ച് യഥാര്‍ഥത്തില്‍ ഒരു പുതിയ വെടിനിര്‍ത്തല്‍ കരാര്‍ മണക്കുന്നതായി രാഷ്ട്രീയ വൃത്തങ്ങള്‍ പറഞ്ഞു. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നിവ വെടിനിര്‍ത്തല്‍ ചര്‍ച്ച പുനാരാരംഭിക്കാന്‍ ശ്രമിക്കുന്നു. തുടക്കത്തില്‍ ഭാഗിക കരാര്‍ ഒപ്പുവെച്ച ശേഷം രാഷ്ട്രീയ കരാറോടെ യുദ്ധം അവസാനിപ്പിക്കാനാണ് നീക്കം. നെതന്യാഹു ഇതിന് പ്രാഥമിക അംഗീകാരം നല്‍കിയതായും രാഷ്ട്രീയ വൃത്തങ്ങള്‍ പറഞ്ഞു.
ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിയെ കുറിച്ച് ആഴത്തിലുള്ള പ്രൊഫഷണല്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ദിവസങ്ങള്‍ക്കുള്ളില്‍ അത് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഇസ്രായില്‍ സൈന്യം വെളിപ്പെടുത്തി. നിലവില്‍ ഗാസ നഗരത്തില്‍ താമസിക്കുന്ന പത്തു ലക്ഷത്തോളം ഫലസ്തീനികളെ പുറത്താക്കി അവരെ തെക്കോട്ട് തള്ളിവിടുന്നത് ഈ പദ്ധതിയില്‍ അടങ്ങിയിരിക്കന്നു. തുടര്‍ന്ന് സൈന്യം നഗരം പിടിച്ചെടുക്കുകയും അവിടെ ശുദ്ധീകരണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും. ഇതേ പ്രക്രിയ മധ്യഗാസയിലെ അഭയാര്‍ഥി ക്യാമ്പുകളിലും ദെയ്ര്‍ അല്‍ബലഹിലും പിന്നീട് നടപ്പാക്കും.
പദ്ധതികള്‍ തയാറാക്കുന്നതും നടപ്പാക്കാന്‍ തയാറെടുക്കുന്നതും സൈനിക നേതൃത്വമാണെങ്കിലും ഗാസ പിടിച്ചടക്കുന്നതില്‍ സൈനിക നേതൃത്വം അതൃപ്തരാണ്. ഗാസ പിടിച്ചെടുക്കുന്നത് കെണിയാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇക്കാര്യം സൈന്യം സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം എടുത്തപ്പോള്‍ സൈന്യം അത് നടപ്പാക്കാന്‍ നിര്‍ബന്ധിതരായി. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായാല്‍, ഏത് നിമിഷവും യുദ്ധം അവസാനിപ്പിക്കാന്‍ സൈന്യം ശ്രമിക്കും. യുദ്ധം തുടരുകയാണെങ്കില്‍ തട്ടിക്കൊണ്ടുപോയ ഇസ്രായിലികളെ ഉപദ്രവിക്കാതിരിക്കാനും അവര്‍ തടവിലാക്കപ്പെട്ടതായി കരുതുന്ന സ്ഥലങ്ങളിലേക്ക് അടുക്കാതിരിക്കാനും സൈന്യം ജാഗ്രത കാണിക്കുമെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.