ഗാസ – കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആറു പേര്‍ കൂടി മരണപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. ഇതോടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം കുട്ടികളുള്‍പ്പെടെ 367 ആയി ഉയർന്നു. ഓഗസ്റ്റ് 22 ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ ഗാസയില്‍ പട്ടിണി പ്രഖ്യാപിച്ച ശേഷം 16 കുട്ടികള്‍ ഉള്‍പ്പെടെ 89 പേര്‍ പട്ടിണി മൂലം മരണപ്പെട്ടിട്ടുണ്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇന്നലെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 112 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 54 പേര്‍ ഗാസ സിറ്റിയിലാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗാസ സിറ്റിയുടെ വടക്ക് ശൈഖ് റദ്‌വാന്‍ ക്ലിനിക്കില്‍ ആംബുലന്‍സുകള്‍ക്കു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ആംബുലന്‍സുകളില്‍ പടര്‍ന്നുപിടിച്ച തീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ മെഡിക്കല്‍ സംഘത്തിന് നേരെ ഇസ്രായിലി ഡ്രോണുകള്‍ ഫയര്‍ ബോംബുകള്‍ വര്‍ഷിച്ചതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, യെമനില്‍ നിന്ന് ഇസ്രായിലിനെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട മിസൈല്‍ തടഞ്ഞതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. മിസൈല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇസ്രായിലിലെ പല പ്രദേശങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. യെമനില്‍ നിന്ന് വരുന്ന മിസൈല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇസ്രായില്‍ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചതായി ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായിലിലെ തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ക്കു നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി യെമനിലെ ഹൂത്തി ഗ്രൂപ്പ് പ്രഖ്യാപിച്ചു. സന്‍ആയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളോടുള്ള പ്രാരംഭ പ്രതികരണമായി തെല്‍അവീവ് ലക്ഷ്യമിട്ട് മിസൈലുകള്‍ വിക്ഷേപിച്ചതായി ഹൂത്തി ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. 2023 ഒക്‌ടോബറില്‍ ഗാസയില്‍ യുദ്ധം ആരംഭിച്ച ശേഷം ഇസ്രായിലിനു നേരെ ഇടക്കിടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ഹൂത്തികള്‍ ശ്രമിക്കുന്നു. ഗാസ മുനമ്പിലെ ഫലസ്തീനികളെ പിന്തുണച്ചാണ് ഇസ്രായിലിനെ ആക്രമിക്കുന്നതെന്ന് ഹൂത്തി ഗ്രൂപ്പ് അവകാശപ്പെടുന്നു.
കഴിഞ്ഞ വ്യാഴാഴ്ച സന്‍ആയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹൂത്തി പ്രധാനമന്ത്രി അഹ്മദ് ഗാലിബ് അല്‍റഹ്വിയും മറ്റ് 11 മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട ശേഷം യെമനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ കാരണം ഇസ്രായിലില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നത് ഇതാദ്യമാണ്. ഗാസ യുദ്ധത്തെ ചൊല്ലിയുള്ള യെമന്‍-ഇസ്രായില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഏറ്റവും മുതിര്‍ന്ന രാഷ്ട്രീയ ഉദ്യോഗസ്ഥനാണ് അല്‍റഹ്വി. ഗാസയെ പിന്തുണച്ച് ഇസ്രായിലിനെതിരായ ആക്രമണം ശക്തമായി തുടരുമെന്ന് ഹൂത്തികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലും ഹമാസും തമ്മില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ഹൂത്തികള്‍ ഇസ്രായിലിനു നേരെ പതിവായി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുന്നു. പലപ്പോഴും അവ ഇസ്രായില്‍ തകര്‍ക്കുന്നു. ഇസ്രായിലുമായി ബന്ധമുണ്ടെന്ന് കരുതുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെയും ഹൂത്തികള്‍ ചെങ്കടലില്‍ ആക്രമണം നടത്തുന്നു. ഗാസയിലെ ഫലസ്തീനികള്‍ക്കുള്ള പിന്തുണയുടെ ഭാഗമാണ് ആക്രമണമെന്ന് ഹൂത്തി ഗ്രൂപ്പ് പറയുന്നു. ഹൂത്തി കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും നേതാക്കളെയും ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ നടത്തി ഇസ്രായില്‍ മാസങ്ങളായി തിരിച്ചടിക്കുന്നു