ഗാസ – ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ മുതിര്‍ന്ന ഹമാസ് പോലീസ് ഉദ്യോഗസ്ഥനും ആറു സാധാരണക്കാരും കൊല്ലപ്പെടുകയും ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ മകന്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥരും ഹമാസ് വൃത്തങ്ങളും അറിയിച്ചു. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള അല്‍മവാസി പ്രദേശത്തിന് സമീപം കാര്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പോലീസ് സേനയിലെ കേണലായ നസീം അല്‍കല്‍സാനി കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പോലീസ് സേനക്കെതിരെ ഇസ്രായില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ തങ്ങള്‍ ഭരിക്കുന്ന പ്രദേശങ്ങളില്‍ നിയന്ത്രണം ഉറപ്പിക്കാന്‍ പോലീസ് സേനയെ ഹമാസ് ഉപയോഗിക്കുന്നു.
ഇസ്രായിലുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് ഹമാസ് ചര്‍ച്ചാ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്ന ഗാസയിലെ ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ മകന്‍ അസ്സാം അല്‍ഹയ്യക്ക് പരിക്കേറ്റതായി മെഡിക്കല്‍, സുരക്ഷാ വൃത്തങ്ങള്‍ എ.എഫ്.പിയോട് സ്ഥിരീകരിച്ചു. ഗാസ മുനമ്പില്‍ ബുധനാഴ്ച രാവിലെ മുതല്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ആറ് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫാ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ മേഖലയില്‍ നാല് പേരും തെക്കന്‍ മേഖലയില്‍ ഒരാളും കൊല്ലപ്പെട്ടു. ഇസ്രായില്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ നാലു പേരും മരിച്ചു. ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ മകന്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വഫാ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ട് അല്‍മവാസിയില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചു.
2025 ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയിട്ടും ഗാസയില്‍ അക്രമം തുടരുന്നു. ഇസ്രായില്‍ ഫലസ്തീനികള്‍ക്കെതിരെ ദിവസേന ആക്രമണങ്ങള്‍ നടത്തുന്നു. വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രായിലും ഹമാസും പരസ്പരം ആരോപിക്കുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം കുറഞ്ഞത് 837 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നു. ഇതേ കാലയളവില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ പറയുന്നു.



