ന്യൂയോർക്ക്– ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖലയെന്ന ഇസ്രായിലിന്റെ സംസാരം പരിഹാസ്യമാണെന്ന് ഐക്യരാഷ്ട്രസഭ. ഫലസ്തീനികൾക്ക് പോകാൻ സുരക്ഷിതമായ ഒരു സ്ഥലവും ഗാസ മുനനമ്പിലില്ല. ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖലയിലും രക്ഷയില്ല. സുരക്ഷിത മേഖല എന്ന ആശയം തന്നെ പ്രഹസനമാണെന്ന് യൂനിസെഫ് വക്താവ് ജെയിംസ് എൽഡർ ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിരന്തരം മിസൈലാക്രമണങ്ങൾ നടക്കുന്നയിടമാണ്. താൽക്കാലിക ഷെൽട്ടറുകളായി നിശ്ചയിച്ച സ്‌കൂളുകൾ തകർക്കുന്നു. തമ്പുകൾ ആസൂത്രിതമായി വ്യോമാക്രമണത്തിലൂടെ
നശിപ്പിക്കുന്നു.
മെഡിക്കൽ സഹായങ്ങളുടെ കുറവും വടക്കൻ പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന രോഗികളാൽ തെക്കൻ ഗാസ മുനമ്പിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിലെ തിരക്കും കാരണം ഗാസയിലെ അമ്മമാരും നവജാതശിശുക്കളുടെയും ആരോഗ്യം മോശം അവസ്ഥയിലാണ്. നാസർ ആശുപത്രി ഇടനാഴികളിൽ പ്രസവിച്ച അമ്മമാർ തിങ്ങിനിറഞ്ഞിരിക്കുന്നത് ഞങ്ങൾ കണ്ടു. പ്രായംതികയാതെ പിറന്ന മൂന്നു നവജാതശിശുക്കൾ ഒരു ഓക്സിജൻ സ്രോതസ്സ് പങ്കിടുന്ന കാഴ്ചയും യൂനിസെഫ് വക്താവ് ജെയിംസ് എൽഡർ വിവരിച്ചു.
ഇസ്രായിലിന്റെ സൈനിക ആക്രമണത്തിന്റെ പ്രഭവകേന്ദ്രമായ ഗാസ സിറ്റിയിൽ നിന്ന്, ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് രോഗികൾ പലായനം ചെയ്തതിനാൽ നാസർ ആശുപത്രിയിൽ തിരക്കേറിയത്. ഇതിനു മുമ്പ് ഒരിക്കലും ഇത്ര തിരക്ക് കണ്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധി റിക്ക് പീപ്പർകോൺ പറഞ്ഞു. ഈ മാസം ആരംഭിച്ച ഇസ്രായിൽ, ഗാസ മുനമ്പിലെ കരയാക്രമണം ആരംഭിച്ച ഇസ്രായിൽ ഗാസ സിറ്റിയിൽ നിന്ന് ഹമാസ് പോരാളികളെ തുടച്ചു നീക്കുമെന്നും പത്തു ലക്ഷം ഫലസ്തീനികളോട് തെക്കോട്ട് പോകാൻ ഉത്തരവിടുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഗാസയിലെ 36 ആശുപത്രികളിൽ 14 എണ്ണം മാത്രമേ ഭാഗികമായെങ്കിലും ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ.



