ഗാസ: ഗാസ സിറ്റി സൈനിക നിയന്ത്രണത്തിലാക്കാനുള്ള ഇസ്രായേൽ പദ്ധതിയുടെ ഭാഗമായി, നഗരത്തിലെ ജനങ്ങളെ കൂട്ടത്തോടെ സുരക്ഷിതമായി ഒഴിപ്പിക്കൽ അസാധ്യമാണെന്ന് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി (ഐ.സി.ആർ.സി) പ്രസിഡന്റ് മിർജാന സ്പോളിജാറിക് വ്യക്തമാക്കി. ഗാസ നഗരത്തിൽനിന്ന് ഫലസ്തീനികളെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള ഇസ്രായേൽ പദ്ധതികളെ അവർ ശക്തമായി അപലപിച്ചു. “നിലവിലെ സാഹചര്യത്തിൽ സുരക്ഷിതവും മാന്യവുമായ കൂട്ട ഒഴിപ്പിക്കൽ അസാധ്യമാണ്. ഈ പദ്ധതികൾ പ്രായോഗികമല്ലെന്ന് മാത്രമല്ല, മനസ്സിലാക്കാനാകാത്തവയുമാണ്,” സ്പോളിജാറിക് പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഇസ്രായേൽ സൈന്യം ഗാസ നഗരം പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ, വടക്കൻ ഗാസയിലേക്കുള്ള മാനുഷിക സഹായ വിതരണം വെട്ടിക്കുറച്ചു. വരും ദിവസങ്ങളിൽ ഗാസ നഗരത്തിന് മുകളിലൂടെ വിമാനമാർഗം മാനുഷിക സഹായങ്ങൾ എറിഞ്ഞു നൽകുന്നത് ഇസ്രായേൽ വിലക്കുമെന്ന് ഇസ്രായേൽ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിൽനിന്ന് ഫലസ്തീനികൾ ഒഴിഞ്ഞ് തെക്കോട്ട് മാറണമെന്ന സന്ദേശം നൽകാനുള്ള നീക്കത്തിന്റെ ഭാഗമായി, വടക്കൻ ഗാസയിലേക്കുള്ള സഹായ പ്രവാഹവും ഇസ്രായേൽ കുറയ്ക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഏകദേശം എട്ട് ലക്ഷം ആളുകളെ ഗാസ നഗരത്തിൽനിന്ന് നിർബന്ധിത ഒഴിപ്പിക്കലിന് ഇസ്രായേൽ ലക്ഷ്യമിടുന്നു. പതിനായിരക്കണക്കിന് റിസർവ് സൈനികരെ വിളിച്ചുവരുത്തിയ ഇസ്രായേൽ, ജൂത പുതുവത്സരത്തിന് (റോഷ് ഹഷാന) മുമ്പ് ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
യു.എൻ ഫലസ്തീൻ അഭയാർഥി ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) ഗാസയിലേക്കുള്ള മാനുഷിക സഹായ വിതരണത്തിന് ഇസ്രായേൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഈജിപ്തിലെയും ജോർദാനിലെയും വെയർഹൗസുകളിൽ 6,000 ട്രക്ക് ലോഡ് റിലീഫ് വസ്തുക്കൾ തയാറായിട്ടുണ്ടെന്നും, ഗാസയിൽ പ്രവർത്തനം തുടരാൻ സന്നദ്ധമാണെന്നും ഏജൻസി വ്യക്തമാക്കി. ജീവൻരക്ഷാ സഹായങ്ങൾ കരമാർഗം സുരക്ഷിതമായും വ്യാപകമായും വിതരണം ചെയ്യാൻ ഫലപ്രദമായ സംവിധാനം തങ്ങൾക്കുണ്ടെന്നും, ഇതിന് അനുമതി നൽകണമെന്നും യു.എൻ.ആർ.ഡബ്ല്യു.എ ആവശ്യപ്പെട്ടു.
ഇന്ന് പുലർച്ചെ മുതൽ ഗാസയിൽ 35 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം 79 പേർ കൊല്ലപ്പെട്ടിരുന്നു, അവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടത് ഗാസ നഗരത്തിലാണ്.