ഗാസ – ഗാസയിലെ ദെയ്ര്‍ അല്‍ബലഹിലെ തങ്ങളുടെ പ്രധാന വെയര്‍ഹൗസും ജീവനക്കാരുടെ താമസസ്ഥലവും തിങ്കളാഴ്ച മൂന്ന് തവണ ഇസ്രായില്‍ ആക്രമിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രണ്ട് ലോകാരോഗ്യ സംഘടനാ ജീവനക്കാരെയും രണ്ട് കുടുംബാംഗങ്ങളെയും ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. അവരില്‍ മൂന്ന് പേരെ പിന്നീട് വിട്ടയച്ചു. ഒരു ജീവനക്കാരന്‍ ഇപ്പോഴും തടങ്കലില്‍ ആണ്. തിങ്കളാഴ്ച ആദ്യമായി ഇസ്രായിലി ടാങ്കുകള്‍ ദെയ്ര്‍ അല്‍ബലഹിന്റെ തെക്ക്, കിഴക്കന്‍ പ്രദേശങ്ങളല്‍ പ്രവേശിച്ചു. ബന്ദികളെ തടവിലാക്കിയിരിക്കാമെന്ന് സൈന്യം വിശ്വസിക്കുന്ന പ്രദേശമാണിതെന്ന് ഇസ്രായിലി വൃത്തങ്ങള്‍ പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് ഗാസയിലെ മൊത്തത്തിലുള്ള ആരോഗ്യ മേഖലയെ തളര്‍ത്തുന്നുവെന്ന് ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആശുപത്രികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ സംഘടനക്ക് കടുത്ത നിയന്ത്രണമുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രധാന വെയര്‍ഹൗസ് പ്രവര്‍ത്തനരഹിതമാണ്. ഗാസയിലെ മിക്ക മെഡിക്കല്‍ വസ്തുക്കളും തീര്‍ന്നുപോയിട്ടുണ്ട്. ഇസ്രായില്‍ സൈന്യം കെട്ടിടത്തില്‍ പ്രവേശിച്ച് സ്ത്രീകളെയും കുട്ടികളെയും മവാസി പ്രദേശത്തേക്ക് കാല്‍നടയായി ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിച്ചു. പുരുഷ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും കൈകള്‍ ബന്ധിച്ച്, നഗ്‌നരാക്കി, ഉടന്‍ തന്നെ ചോദ്യം ചെയ്തു. തോക്കിന്‍ മുനയില്‍ നിര്‍ത്തി അവരെ പരിശോധിച്ചു.
ഇസ്രായില്‍ കസ്റ്റഡിയിലെടുത്ത ജീവനക്കാരെ ഉടന്‍ വിട്ടയക്കണം. എല്ലാ ലോകാരോഗ്യ സംഘടന ജീവനക്കാരുടെയും സംരക്ഷണം ഉറപ്പാക്കണം. ദെയ്ര്‍ അല്‍ബലഹിലെ ഒഴിപ്പിക്കല്‍ ഉത്തരവ് ലോകാരോഗ്യ സംഘടനാ കെട്ടിടങ്ങളെ ബാധിച്ചു. ഗാസയില്‍ പ്രവര്‍ത്തിക്കാനുള്ള സംഘടനയുടെ ശേഷിയെ ഇത് ബാധിക്കുകയും ആരോഗ്യ സംവിധാനത്തെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടുകയും ചെയ്തതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
പ്രധാന വെയര്‍ഹൗസ് പ്രവര്‍ത്തനരഹിതമായതിനാലും ഗാസയിലെ മിക്ക മെഡിക്കല്‍ വസ്തുക്കളും തീര്‍ന്നുപോയതിനാലും, മരുന്നുകള്‍, ഇന്ധനം, ഉപകരണങ്ങള്‍ എന്നിവയുടെ കടുത്ത ക്ഷാമം ഇതിനകം തന്നെ അനുഭവിക്കുന്ന ആശുപത്രികള്‍, അടിയന്തര മെഡിക്കല്‍ ടീമുകള്‍, ആരോഗ്യ പങ്കാളികള്‍ എന്നിവര്‍ക്ക് മതിയായ പിന്തുണ നല്‍കുന്നതില്‍ ലോകാരോഗ്യ സംഘടന കടുത്ത നിയന്ത്രണങ്ങള്‍ നേരിടുന്നതായി എക്‌സ് പ്ലാറ്റ്‌ഫോമിലെ ലോകാരോഗ്യ സംഘടനാ സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.