തെല്‍അവീവ് – ഫലസ്തീനികളായ ജീവനക്കാരുടെ പേരുവിവരങ്ങള്‍ ഇസ്രായില്‍ അധികൃതര്‍ക്ക് നല്‍കാത്ത പക്ഷം ഗാസയില്‍ 37 അന്താരാഷ്ട്ര എന്‍.ജി.ഒകളുടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിരോധിക്കുമെന്ന് ഇസ്രായില്‍ സര്‍ക്കാര്‍ അറിയിച്ചു.
ഈ എന്‍.ജി.ഒകള്‍ ഈ വ്യവസ്ഥ പാലിക്കാന്‍ വിസമ്മതിക്കുന്നതായി ഇസ്രായിലി ഡയസ്‌പോറ കാര്യ മന്ത്രാലയ വക്താവ് ഗിലാദ് സുയിക് പറഞ്ഞു. ഫലസ്തീനികളായ ജീവനക്കാരില്‍ ചിലര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഹമാസുമായി ബന്ധമുള്ളവരാണെന്നും ഞങ്ങള്‍ക്കറിയാവുന്നതുപോലെ ഈ എന്‍.ജി.ഒകള്‍ക്കും അറിയാവുന്നതാണ്. അവര്‍ എല്ലാ നിര്‍ദിഷ്ട മാനദണ്ഡങ്ങളും പൂര്‍ണമായും സുതാര്യമായും പാലിക്കേണ്ടതുണ്ട്. ഗിലാദ് സുയിക് പറഞ്ഞു.
ഗാസയിലെ അന്താരാഷ്ട്ര മാനുഷിക സംഘടനകളെ നിരോധിക്കാനുള്ള ഇസ്രായിലിന്റെ പദ്ധതികള്‍ ഗാസയിലേക്ക് ജീവന്‍ രക്ഷാസഹായങ്ങള്‍ എത്തിക്കുന്നതിന് തടസ്സമാകുമെന്ന് യൂറോപ്യന്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മീഷണര്‍ ഹാജ ലഹബീബ് പറഞ്ഞു. ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാട് വ്യക്തമാണ്. എന്‍.ജി.ഒ രജിസ്‌ട്രേഷന്‍ നിയമം നിലവിലെ രൂപത്തില്‍ നടപ്പാക്കാന്‍ കഴിയില്ല. മാനുഷിക സഹായം എത്തിക്കുന്നതിന് പ്രതിബന്ധമാകുന്ന എല്ലാ തടസ്സങ്ങളും നീക്കണം. അന്താരാഷ്ട്ര മാനുഷിക നിയമം അവ്യക്തതക്ക് ഇടം നല്‍കുന്നില്ല. ആവശ്യമുള്ളവരിലേക്ക് സഹായം എത്തണം – ഹാജ ലഹബീബ് പറഞ്ഞു.
ഭീകരതയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്സ്, ആക്ഷന്‍ എയ്ഡ്, ഓക്സ്ഫാം എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് മാനുഷിക സംഘടനകളുടെ ലൈസന്‍സുകള്‍ സര്‍ക്കാര്‍ റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നതായി ഇസ്രായിലി മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ അധികൃതര്‍ നിശ്ചയിച്ച പുതിയ മാനദണ്ഡങ്ങള്‍ ഡിസംബര്‍ 31 നകം പാലിച്ചില്ലെങ്കില്‍ 60 ദിവസത്തിനുള്ളില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ നിരവധി അന്താരാഷ്ട്ര സഹായ സംഘടനകള്‍ നിര്‍ബന്ധിതരായേക്കും.
അതിനിടെ, ഗാസ മുനമ്പില്‍ ഇന്ന് രണ്ട് ഫലസ്തീന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ഗാസയിലെ വിവിധ പ്രദേശങ്ങളില്‍ സൈന്യം വ്യോമാക്രമണവും പീരങ്കി ബോംബാക്രമണവും വീടുകള്‍ തകര്‍ക്കലും തുടരുകയാണ്. ഗാസ നഗരത്തിന് വടക്കുകിഴക്കുള്ള അല്‍സര്‍ഖാ പ്രദേശത്ത് ഇസ്രായില്‍ സേനയുടെ വെടിയേറ്റ് 11 വയസുകാരി കൊല്ലപ്പെട്ടതായി മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറഞ്ഞു. തെക്കന്‍ ഗാസ മുനമ്പിലെ റഫയിലെ അല്‍മവാസി പ്രദേശത്ത് കുടിയിറക്കപ്പെട്ടവരുടെ കൂടാരത്തിലേക്ക് മതില്‍ ഇടിഞ്ഞുവീണ് രണ്ടാമത്തെ പെണ്‍കുട്ടി മരിച്ചു. ഇവിടെ മറ്റേതാനും പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗാസയിലെ സൈനിക നടപടികളുടെ ഭാഗമായി ഇന്ന് പുലര്‍ച്ചെ റഫയില്‍ ഇസ്രായിലി ഹെലികോപ്റ്ററുകള്‍ ശക്തമായി വെടിയുതിര്‍ത്തതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് കിഴക്ക് സൈനിക വാഹനങ്ങളില്‍ നിന്നുള്ള കനത്ത വെടിവെപ്പിനൊപ്പം ഇസ്രായില്‍ സൈന്യം പീരങ്കി ഷെല്ലാക്രമണവും നടത്തി. യുദ്ധവിമാനങ്ങള്‍ റഫ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി. മധ്യ ഗാസ മുനമ്പിലെ അല്‍ബുറൈജ്, അല്‍മഗാസി അഭയാര്‍ഥി ക്യാമ്പുകളുടെ തെക്കുകിഴക്കന്‍ പ്രദേശങ്ങളിലേക്ക് സൈനിക വാഹനങ്ങള്‍ വെടിവെച്ചു.



