തെല്‍അവീവ്– 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയി ഗാസ മുനമ്പില്‍ തടവിലാക്കിയ അവസാന ഇസ്രായിലി ബന്ദിയായ പോലീസ് ഓഫീസര്‍ റാന്‍ ഗാവിലിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്തതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. ഗാസയിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും അടക്കമുള്ള മുഴുവന്‍ ബന്ദികളെയും വീണ്ടെടുക്കുന്നത് ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ പ്രധാന ഘടകമാണെന്ന് സൈന്യം കൂട്ടിച്ചേര്‍ത്തു.
ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട അവസാന ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്തതിനെ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രശംസിച്ചു. ഇത് ഇസ്രായില്‍ രാഷ്ട്രത്തിന് അസാധാരണമായ ഒരു നേട്ടമാണ്. മുഴുവന്‍ ബന്ദികളെയും തിരികെ കൊണ്ടുവരുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തു. അവസാന ബന്ദി വരെ അവരെയെല്ലാം ഞങ്ങള്‍ തിരികെ കൊണ്ടുവന്നു. ഇസ്രായില്‍ സൈന്യത്തിനും ഇസ്രായില്‍ രാഷ്ട്രത്തിനും ഇസ്രായില്‍ പൗരന്മാര്‍ക്കും ഇത് ഒരു വലിയ നേട്ടമാണ്. ഹമാസില്‍ നിന്ന് ലഭിച്ച രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രായില്‍ സൈന്യം മൃതദേഹം കണ്ടെത്തിയതെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രായിലി ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് വെടിനിര്‍ത്തലിനോടുള്ള പ്രതിബദ്ധതയുടെ സ്ഥിരീകരണമായി കണക്കാക്കിയ ഹമാസ്, വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കാനും കടമകള്‍ നിറവേറ്റാനും ഇസ്രായിലിനെ നിര്‍ബന്ധിക്കണമെന്ന് മധ്യസ്ഥരോടും അമേരിക്കയോടും ആവശ്യപ്പെട്ടു. റാന്‍ ഗാവിലിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായി വടക്കന്‍ ഗാസയിലെ സെമിത്തേരിയില്‍ സൈന്യം വലിയ തോതിലുള്ള ഓപ്പറേഷന്‍ നടത്തുന്നതായി ഇസ്രായില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്തെന്ന പ്രഖ്യാപനം വന്നത്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ശേഷിക്കുന്ന എല്ലാ ബന്ദികളെയും തിരികെ എത്തിക്കല്‍ ഗാസ വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തിന്റെ പ്രധാന ഭാഗമായിരുന്നു. റാന്‍ ഗാവിലിയുടെ മൃതദേഹം കണ്ടെത്തി തിരികെ നല്‍കുന്നതുവരെ രണ്ടാം ഘട്ടത്തിലേക്ക് കടക്കരുതെന്ന് അദ്ദേഹത്തിന്റെ കുടുംബം ഇസ്രായില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന യു.എസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വെടിനിര്‍ത്തല്‍ മധ്യസ്ഥരില്‍ നിന്ന് ഇസ്രായിലിനും ഹമാസിനും കടുത്ത സമ്മര്‍ദം നേരിടേണ്ടിവന്നു. അവസാന ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിരികെ നല്‍കുന്നതില്‍ ഹമാസ് കാലതാമസം വരുത്തുന്നതായി ഇസ്രായില്‍ ആവര്‍ത്തിച്ച് ആരോപിച്ചു. റാന്‍ ഗാവിലിയുടെ ഭൗതികാവശിഷ്ടങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും ഇസ്രായില്‍ സൈനിക നിയന്ത്രണത്തിലുള്ള ഗാസയിലെ പ്രദേശങ്ങളിലെ തിരച്ചില്‍ ശ്രമങ്ങളെ ഇസ്രായില്‍ തടസ്സപ്പെടുത്തിയതായും ഹമാസ് ആരോപിച്ചു. റാന്‍ ഗാവിലിയുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള വലിയ തോതിലുള്ള ഓപ്പറേഷന്‍ ഗാസ മുനമ്പിനെ വിഭജിക്കുന്ന യെല്ലോ ലൈന്‍ പ്രദേശത്താണ് നടന്നതെന്ന് ഇസ്രായില്‍ സൈന്യം വ്യക്തമാക്കി.



