ഗാസ – രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിൽ ഇസ്രായില്‍ ഗാസയിലെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയെങ്കിലും ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് രാഷ്ട്രീയ ഗവേഷകനായ ഡോ. ഹമൂദ് അല്‍റുവൈസ്. ഗാസ മുനമ്പില്‍ ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ ഇല്ലാതാക്കുക എന്നീ രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ നേടാന്‍ നെതന്യാഹു ശ്രമിച്ചെങ്കിലും ഇത് രണ്ടും കൈവരിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ആക്രമണം ഒരിക്കലും ലക്ഷ്യത്തിലേക്ക് നയിക്കില്ലെന്നും എന്നാൽ നയതന്ത്ര പാത ഗുണകരമാകുമെന്ന് മാത്രമല്ല ചെലവ് കുറവാണെന്നും ഇസ്രായിൽ മനസ്സിലാക്കിയിട്ടുണ്ടെന്നും ഡോ. ഹമൂദ് അല്‍റുവൈസ് ചൂണ്ടികാണിച്ചു.
ഹമാസിനെ ഇല്ലാതാക്കാൻ ശ്രമിച്ച ഇസ്രായില്‍ അവരുടെ പ്രവത്തനങ്ങളെ പെരുപ്പിച്ചു കാണിക്കുകയാണെന്ന് സുരക്ഷാ, സൈനിക ഗവേഷകനായ അസ്അദ് അല്‍സഅബി പറഞ്ഞു. സമാധാന കരാര്‍ ഫലസ്തീന്‍ ജനങ്ങൾക്കിടയിൽ നല്ല സ്വാധീനം ചെലുത്തിയേക്കും. എങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയ ഇസ്രായില്‍ തെക്കന്‍ ലെബനോനില്‍ ചെയ്യുന്നതു പോലെ ഗാസയിലും ആക്രമണങ്ങള്‍ തുടരും. അവർ വെടിനിർത്തൽ കരാറുകൾ വെറും കളിയായിട്ടാണ് കാണുന്നതെന്നും അസ്അദ് അല്‍സഅബി കൂട്ടിചേർത്തു.