ഗാസ – ഗാസയില്‍ ഇസ്രായിലിന്റെ ആക്രമണങ്ങള്‍ക്ക് അമേരിക്ക കുടപിടിക്കുകയാണെന്ന് ഹമാസ്. ഇസ്രായിലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടായിരുന്നിട്ടും വ്യാഴാഴ്ച ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 13 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് അമേരിക്ക പച്ചക്കൊടി കാണിക്കുന്നതായി ഹമാസ് ആരോപിച്ചത്. വ്യാഴാഴ്ച ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. അമേരിക്ക പച്ചക്കൊടി കാണിക്കാതെ ഈ ആക്രമണം സംഭവിക്കുമായിരുന്നില്ലെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ബാസിം നഈം ടെലിഗ്രാമിലെ പോസ്റ്റില്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള പ്രതിബദ്ധതകള്‍ മറികടക്കാനും കരാര്‍ അട്ടിമറിക്കാനും സാഹചര്യം വഷളാക്കാനും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ബന്ധം പിടിക്കുന്നതിനാല്‍ സമാധാന പദ്ധതി തടസ്സപ്പെടുന്നു. കരാര്‍ പ്രകാരമുള്ള എല്ലാ ബാധ്യതകളും ഹമാസ് പാലിച്ചിട്ടുണ്ട്. സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടവുമായി ക്രിയാത്മകമായും സൃഷ്ടിപരമായും ഇടപെടാന്‍ ഹമാസ് തയ്യാറാണെന്നും ബാസിം നഈം കൂട്ടിച്ചേര്‍ത്തു. കരാറിന്റെ രണ്ടാം ഘട്ടത്തെ കുറിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഹമാസിനെ നിരായുധീകരിക്കണമെന്നും ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ട അവസാന ബന്ദിയുടെ മൃതദേഹം തിരികെ നല്‍കണമെന്നും ഇസ്രായില്‍ ആവശ്യപ്പെടുന്നു.
അതിനിടെ, മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ടാഴ്ച താല്‍ക്കാലികമായി നിര്‍ത്തിവെച്ച ശേഷം ഗാസയില്‍ ബന്ദിയാക്കപ്പെട്ട റാന്‍ ഗഫ്ലിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചതായി രണ്ട് ഹമാസ് ഉദ്യോഗസ്ഥര്‍ എ.എഫ്.പിയോട് വ്യക്തമാക്കി. ഒക്ടോബര്‍ പത്തിന് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഇത് ലംഘിച്ച് ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഒക്‌ടോബര്‍ പത്തിനു ശേഷം ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 425 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതേ കാലയളവില്‍ ഹമാസ് പോരാളികള്‍ തങ്ങളുടെ മൂന്ന് സൈനികരെ കൊലപ്പെടുത്തിതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
കഴിഞ്ഞ ദിവസം ഗാസ മുനമ്പില്‍ നടത്തിയ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട ഹമാസ് അംഗങ്ങളുടെ പേരുകള്‍ ഇസ്രായില്‍ സൈന്യം പ്രഖ്യാപിച്ചു. ഹമാസിന്റെ ടാങ്ക് വിരുദ്ധ മിസൈല്‍ പ്രോഗ്രാം കമാന്‍ഡര്‍ കമാല്‍ അബ്ദുറഹ്‌മാന്‍ മുഹമ്മദ് അവാദിനെയും ഹമാസ് പ്രൊഡക്ഷന്‍ വര്‍ക്ക്ഷോപ്പ് തലവന്‍ അഹ്‌മദ് സാബിത്തിനെയും സൈന്യം കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പങ്കെടുത്ത ഹമാസിന്റെ ഉന്നത നേതാവായ നുസൈറാത്ത് ബ്രിഗേഡിലെ അംഗമായ അഹ്‌മദ് അബ്ദുല്‍ഫത്താഹ് സഈദ് മജ്ദലവിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ഇസ്രായില്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ എട്ട് റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍, രണ്ട് ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍, മൂന്ന് ആയുധ ഡിപ്പോകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമങ്ങള്‍ നടത്തിയതായും സൈന്യം കൂട്ടചേർത്തു. വടക്കന്‍ ഗാസയില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തിലൂടെ ഹമാസ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന നാല് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടതായും സൈന്യം പ്രസ്താവനയില്‍ ചൂണ്ടികാട്ടി.



