ഗാസ– കൊടും പട്ടിണിയിൽ വലഞ്ഞ് ഗാസ. പട്ടിണിയാലും പോഷകാഹാരക്കുറവിനാലും 3 ദിവസത്തിനിടെ ഗാസയിൽ മരിച്ചത് 21 കുട്ടികളാണ്. പട്ടിണി കാരണം പൊറുതിമുട്ടുന്ന ഗാസയിൽ അടിയന്തരമായി ഇടപെടണമെന്ന് നൂറിലേറെ സന്നദ്ധസംഘടനകളും മനുഷ്യാവകാശസംഘടനകളും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ദ നോർവീജിയൻ റെഫ്യൂജി കൗൺസിൽ ആൻഡ് റെഫ്യൂജി ഇന്റർനാഷണൽ, മേഴ്‌സി കോർ എന്നിവയുൾപ്പെടെ നൂറിലധികം സംഘടനകളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബുധനാഴ്ച ഇറക്കിയ സംയുക്തപ്രസ്താവനയിലാണ് സംഘടനകൾ ആവശ്യവുമായി മുന്നോട്ട് വന്നത്. ഗാസയിലെ ഉപരോധം അവസാനിപ്പിക്കണമെന്നും ഇസ്രായേലിനോട് സംഘടനകൾ ആവശ്യപ്പെട്ടു.
പട്ടിണിയും പോഷകാഹാരക്കുറവും കാരണം ഗാസയിൽ 111 ഫലസ്തീനികൾ മരിച്ചതായി ഗാസയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് സംഭവിച്ചത്. അതിനിടെ, ബുധനാഴ്ച പുലർച്ചെ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.