ഗാസ– ഗാസയില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ( ജി.എച്ച്.എഫ്) അറിയിച്ചു. ഗാസയില്‍ യു.എസ്, ഇസ്രായില്‍ പിന്തുണയിൽ ഭക്ഷ്യസഹായം വിതരണം ചെയ്തിരുന്ന ഫൗണ്ടേഷനാണ് ഇവർ. ആറാഴ്ച മുമ്പ് ഗാസയില്‍ യു.എസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നശേഷം ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. പൂർണമായും അടച്ചുപൂട്ടുകയാണെന്ന് ഫൗണ്ടേഷന്‍ ഇന്നലെ അറിയിച്ചു. തങ്ങളുടെ ദൗത്യം നിറവേറ്റിയതായി ഫൗണ്ടേഷന്‍ അവകാശപ്പെട്ടു. ഗാസക്കാര്‍ക്ക് സഹായം എത്തിക്കാന്‍ മികച്ച മാര്‍ഗമുണ്ടെന്ന് കാണിക്കുക എന്ന ഞങ്ങളുടെ ദൗത്യത്തില്‍ ഞങ്ങള്‍ വിജയിച്ചുവെന്ന് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജോണ്‍ അക്രീ വ്യക്തമാക്കി.
ഇസ്രായില്‍ ഗാസയിലേക്കുള്ള ഭക്ഷ്യ വിതരണം മൂന്ന് മാസത്തേക്ക് നിര്‍ത്തിവെച്ചതോടെ ജനങ്ങള്‍ പട്ടിണിയിലായതിനെ തുടര്‍ന്ന് മെയ് അവസാനത്തോടെയാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഹമാസ് വലിയ തോതില്‍ സഹായം വഴിതിരിച്ചുവിടുകയാണെന്ന് ആരോപിച്ച്, യു.എന്‍ ഭക്ഷ്യ വിതരണ സംവിധാനത്തിനു പകരം സ്വകാര്യ കോണ്‍ട്രാക്ടര്‍ ഗ്രൂപ്പ് ആയ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനെ ചുമതല ഇസ്രായില്‍ ഏല്‍പിക്കുകയായിരുന്നു .ഗാസയില്‍ 30 ലക്ഷത്തിലധികം ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തതായും ആകെ 18.7 കോടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായും ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി.
അതേസമയം, ഹമാസ് സഹായം വഴിതിരിച്ചുവിടുകയാണെന്ന ഇസ്രായിലിന്റെ ആരോപണങ്ങള്‍ യു.എന്‍ നിഷേധിച്ചു. ജി.എച്ച്.എഫ് രൂപീകരണത്തെ എതിര്‍ത്ത യു.എന്‍ ഈ സംവിധാനം ഇസ്രായിലിന് ഭക്ഷ്യ വിതരണത്തില്‍ നിയന്ത്രണം നല്‍കുകയും ഫലസ്തീനികളെ കുടിയിറക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുമെന്ന് ചൂണ്ടികാട്ടി.
ഇവരുടെ സഹായ വിതരണ കേന്ദ്രങ്ങള്‍ക്കു സമീപം സൈനികര്‍ പലപ്പോഴും വെടിയുതിര്‍ക്കുകയും നൂറുകണക്കിന് ആളുകളെ കൊല്ലുകയും ചെയ്തിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും, തങ്ങളുടെ സൈനികര്‍ അപകടത്തിലാണെങ്കില്‍ മുന്നറിയിപ്പെന്നോണവും വെടിവെപ്പ് നടത്തുക മാത്രമാണ് ചെയ്തതെന്ന് ഇസ്രായില്‍ സൈന്യം പറയുന്നു. സഹായ കേന്ദ്രങ്ങളില്‍ തങ്ങള്‍ അക്രമമൊന്നും നടത്തിയിട്ടില്ലെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഫലസ്തീനികള്‍ സഹായം തേടിയെത്തുമ്പോൾ അമേരിക്കന്‍ സുരക്ഷാ ഗാര്‍ഡുകള്‍ വെടിയുണ്ടകളും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചതായി വീഡിയോകളുടെ പിന്തുണയോടെ സഹായ വിതരണ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.



