ദോഹ – ഗാസ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മൂന്നാഴ്ചയായി നടന്നുവന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് അമേരിക്ക തങ്ങളുടെ പ്രതിനിധികളെ പിന്‍വലിച്ചിട്ടുണ്ട്. ഹമാസ് സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്നും വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ വിസമ്മതിക്കുന്നതായും വിറ്റ്‌കോഫ് ആരോപിച്ചു.
ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള വിമുഖത വ്യക്തമായി തെളിയിക്കുന്ന ഹമാസിന്റെ ഏറ്റവും പുതിയ പ്രതികരണത്തെ തുടര്‍ന്ന് കൂടിയാലോചനകള്‍ക്കായി ദോഹയില്‍ നിന്ന് ഞങ്ങളുടെ സംഘത്തെ പിന്‍വലിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു – സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വിറ്റ്‌കോഫ് പറഞ്ഞു. മധ്യസ്ഥര്‍ കാര്യമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഹമാസ് സദുദ്ദേശ്യം കാണിക്കുന്നില്ല. ഹമാസിന്റെ പക്കലുള്ള ഇസ്രായിലി ബന്ദികളെ സ്വന്തം വീടുകളിലേക്ക് തിരിച്ചെത്തിക്കാനും ഗാസയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരതയുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാനും മറ്റ് ഓപ്ഷനുകള്‍ അമേരിക്ക പരിഗണിക്കും. ഹമാസ് ഇത്ര സ്വാര്‍ഥമായ രീതിയില്‍ പെരുമാറുന്നത് ഖേദകരമാണ്. ഈ സംഘര്‍ഷം അവസാനിപ്പിച്ച് ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നതായും വിറ്റ്‌കോഫ് പറഞ്ഞു.
ഖത്തറില്‍ ഹമാസുമായുള്ള പരോക്ഷ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിച്ചതായി ഇസ്രായിലും അറിയിച്ചു. അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാറിലെ നിബന്ധനകളിലെ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തോടുള്ള തങ്ങളുടെ പ്രതികരണം ഹമാസ് സമര്‍പ്പിച്ചതിന് ശേഷമാണ് അമേരിക്കയും ഇസ്രായിലും തങ്ങളുടെ പ്രതിനിധികളെ ദോഹയില്‍ നിന്ന് തിരിച്ചുവിളിച്ചത്.
സമഗ്രമായ വെടിനിര്‍ത്തലിനും തടവുകാരെയും ബന്ദികളെയും പരസ്പരം കൈമാറാനുമുള്ള കരാര്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നിവയുടെ മധ്യസ്ഥതയില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ചകള്‍ മൂന്നാഴ്ച മുമ്പാണ് ദോഹയില്‍ ആരംഭിച്ചത്.
ഹമാസ് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന കീഴടങ്ങല്‍ നിബന്ധനകള്‍ തന്റെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയില്‍ തടവിലാക്കപ്പെട്ട ഇസ്രായിലി ബന്ദികളുടെ മോചനം ഉറപ്പുനല്‍കുന്ന ഒരു കരാറിലെത്തുക എന്നതാണ് നിലവിലുള്ള ചര്‍ച്ചകളുടെ ലക്ഷ്യം. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ഇസ്രായിലിന്റെ സന്നദ്ധതയെ ഹമാസ് ബലഹീനതയായി കാണരുത്. ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കാനുള്ള പുതിയ കരാറിലെത്താന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ഒരു കരാറിലെത്താനുള്ള ഞങ്ങളുടെ സന്നദ്ധതയെ ബലഹീനതയായോ ഇസ്രായില്‍ രാഷ്ട്രത്തെ അപകടപ്പെടുത്തുന്ന കീഴടങ്ങല്‍ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കാനുള്ള അവസരമായോ ഹമാസ് വ്യാഖ്യാനിക്കുകയാണെങ്കില്‍, അത് ഗുരുതരമായ തെറ്റാണെന്നും നെതന്യാഹു പറഞ്ഞു.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ ഹമാസ് വിമുഖത കാണിക്കുകയാണെന്ന യു.എസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ പ്രസ്താവനകളില്‍ ഹമാസ് ആശ്ചര്യം പ്രകടിപ്പിച്ചു. സാധ്യമായ ഒരു കരാറിനെ കുറിച്ച ചര്‍ച്ചകള്‍ തുടരാനുള്ള ആഗ്രഹം ഹമാസ് പ്രകടിപ്പിച്ചു. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനും, തടസ്സങ്ങള്‍ മറികടന്ന് സ്ഥിരമായ ഒരു വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സഹായിക്കുന്ന രീതിയില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുമുള്ള താല്‍പ്പര്യം ഹമാസ് വ്യക്തമാക്കി.