ദോഹ: ഖത്തറും ഈജിപ്തും മധ്യസ്ഥരായി മുന്നോട്ടുവെച്ച ഗാസ വെടിനിർത്തൽ നിർദേശത്തിന് ഹമാസ് അംഗീകാരം നൽകിയിട്ടും ഇസ്രായിലിന്റെ ഔദ്യോഗിക പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഖത്തർ വ്യക്തമാക്കി. “ഹമാസ് അംഗീകരിച്ച നിർദേശത്തോടുള്ള ഇസ്രായിലിന്റെ ഔദ്യോഗിക മറുപടി ഇതുവരെ ലഭിച്ചിട്ടില്ല,” ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ-അൻസാരി ദോഹയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഗാസയിൽ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനുള്ള ഏക മാർഗം വെടിനിർത്തൽ കരാറാണെന്ന് ഹമാസ് പ്രസ്താവിച്ചു. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ജീവനോടെയുള്ള ബന്ദികളുടെ വിധിക്ക് പൂർണ ഉത്തരവാദിയെന്നും ഹമാസ് ആരോപിച്ചു. “ഞങ്ങൾ മധ്യസ്ഥരുടെ നിർദേശം അംഗീകരിച്ചെങ്കിലും, ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് നെതന്യാഹു അംഗീകാരം നൽകിയത് വെടിനിർത്തൽ ചർച്ചകൾ തടസ്സപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ഉദ്ദേശം വ്യക്തമാക്കുന്നു,” ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.