ദോഹ: ഖത്തറിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന ചർച്ചകളുടെ ഭാഗമായി, ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ നിർദേശത്തോട് പോസിറ്റീവ് പ്രതികരണം ഹമാസ് മധ്യസ്ഥർക്ക് സമർപ്പിച്ചതായി വ്യാഴാഴ്ച അറിയിച്ചു. ഹമാസിന്റെ ടെലിഗ്രാം ചാനലിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, വെടിനിർത്തൽ നിർദേശത്തോടുള്ള തങ്ങളുടെ പ്രതികരണവും മറ്റ് ഫലസ്തീൻ വിഭാഗങ്ങളുടെ പ്രതികരണവും മധ്യസ്ഥർക്ക് കൈമാറിയതായി വ്യക്തമാക്കി. സ്ഥിരമായ വെടിനിർത്തലിനുള്ള ഉറപ്പുകൾ ഉൾപ്പെടെയുള്ള ഭേദഗതികൾ ആവശ്യപ്പെട്ടാണ് ഹമാസ് പ്രതികരണം നൽകിയതെന്ന് വൃത്തങ്ങൾ എ.എഫ്.പിയോട് പറഞ്ഞു.
ഹമാസിന്റെ പ്രതികരണത്തിൽ, ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായ വിതരണം, ഇസ്രായേൽ സൈന്യത്തിന്റെ പിൻവലിക്കൽ വ്യക്തമാക്കുന്ന ഭൂപടങ്ങൾ, സ്ഥിരമായ വെടിനിർത്തലിനുള്ള ഉറപ്പ് എന്നിവ ഉൾപ്പെടുന്നു. ഇസ്രായേൽ സൈന്യം ജനവാസ മേഖലകളിൽനിന്നും, ഗാസയുടെ വടക്കും തെക്കും ബന്ധിപ്പിക്കുന്ന സ്വലാഹുദ്ദീൻ റോഡിൽനിന്നും പിന്മാറണമെന്നും, ഗാസയുടെ കിഴക്കും വടക്കും അതിർത്തികളിൽ പരമാവധി 800 മീറ്റർ ദൂരത്തിൽ മാത്രം നിലകൊള്ളണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ജീവനുള്ള ഓരോ ഇസ്രായേലി ബന്ദിയെ മോചിപ്പിക്കുന്നതിന് പകരം, ജീവപര്യന്തവും ദീർഘകാല തടവും അനുഭവിക്കുന്ന കൂടുതൽ ഫലസ്തീൻ തടവുകാരെ വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.
ഈജിപ്ഷ്യൻ വൃത്തങ്ങൾ വ്യക്തമാക്കിയത് പ്രകാരം, വെടിനിർത്തൽ കരാർ അന്തിമ ഘട്ടത്തിലാണ്, ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷ. ഹമാസ് നിർദേശം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്, ഇസ്രായേലും കരാറുമായി മുന്നോട്ടുപോകാൻ സമ്മതിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. സൈനിക പിന്മാറ്റം വ്യക്തമാക്കുന്ന സുരക്ഷാ ഭൂപടങ്ങൾ ഇരുപക്ഷവും അംഗീകരിച്ചിട്ടുണ്ട്. കരാർ നടപ്പാക്കലിന്റെ സാങ്കേതിക വിശദാംശങ്ങൾ, ദുരിതാശ്വാസ വിതരണ സംവിധാനങ്ങൾ, നടപടിക്രമങ്ങൾ എന്നിവ ചർച്ച ചെയ്യുക മാത്രമാണ് ഇനി ബാക്കി. യു.എസ്. പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റോം സന്ദർശനത്തിനു ശേഷം മേഖലയിലെത്തി, കരാർ നടപ്പാക്കലിന്റെ അവസാന ഘട്ടങ്ങൾക്ക് മേൽനോട്ടം വഹിക്കും.
കരാർ ലംഘനം തടയാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സ്റ്റീവ് വിറ്റ്‌കോഫും ഈജിപ്ത്, ഖത്തർ മധ്യസ്ഥർക്കൊപ്പം പ്രഖ്യാപനം നടത്തും. കരാർ നിലവിൽ വന്നാലും, പ്രാരംഭ ഘട്ടങ്ങളിൽ ഇസ്രായേൽ ലംഘനങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന ആശങ്കകൾ നിലനിൽക്കുന്നു. ഇതിന്റെ വെളിച്ചത്തിൽ, ദുരിതാശ്വാസ വസ്തുക്കളുടെ പ്രവേശനവും നടപ്പാക്കൽ സംവിധാനങ്ങളും ഈജിപ്ത്, അമേരിക്ക, ഖത്തർ എന്നിവിടങ്ങളിലെ മധ്യസ്ഥർ നിരീക്ഷിക്കും.