ജനീവ – 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച ശേഷം ഗാസയില്‍ കുറഞ്ഞത് 21,000 കുട്ടികളെങ്കിലും വികലാംഗരാക്കപ്പെട്ടതായി യു.എന്‍ കമ്മിറ്റി അറിയിച്ചു. ഈ സമയത്തിനിടയിൽ ഏകദേശം 40,500 കുട്ടികള്‍ക്കാണ് പരിക്കുകള്‍ നേരിട്ടിട്ടതെന്നും. അവരില്‍ പകുതിയോളം പേർ വികലാംഗരായി മാറിയതായി വികലാംഗരുടെ അവകാശങ്ങള്‍ക്കായുള്ള യു.എന്‍ കമ്മിറ്റി വ്യക്തമാക്കി.
ഒരു സുരക്ഷയും ഇല്ലാതെ വൈകല്യമുള്ള ആളുകള്‍ പലായനം ചെയ്യുമ്പോൾ മണലിലും ചെളിയിലുമെല്ലാം ഇഴഞ്ഞു നീങ്ങാൻ നിര്‍ബന്ധിതരാവുകയാണ്. ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കാനുള്ള നിയന്ത്രണങ്ങള്‍ ഇവരെ കൂടുതൽ ബാധിക്കുന്നുണ്ട്. ഭക്ഷണമോ ശുദ്ധജലമോ ശുചിത്വമോ ഇല്ലാതെ അതിജീവനത്തിനായി മറ്റുള്ളവരെ ആശ്രയിച്ച് വളരെ ബുദ്ധിമുട്ടിയാണ് വൈകല്യമുള്ളവർ ജീവിക്കുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
യു.എസ്, ഇസ്രായില്‍ പിന്തുണയിൽ നാല് റിലീഫ് വിതരണ കേന്ദ്രങ്ങള്‍ മാത്രമാണ് നിലവിൽ ഗാസയിൽ സ്ഥിതി ചെയുന്നത്. മുമ്പ് യു.എന്‍ സംവിധാനത്തില്‍ ഏകദേശം 400 റിലീഫ് വിതരണ കേന്ദ്രങ്ങളുണ്ടായിരുന്നു. അതിനാൽ തന്നെ നിലവിലെ സാഹചര്യം ആളുകളെ സഹായ കേന്ദ്രങ്ങളില്‍ എത്തുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് . 83 ശതമാനം വികലാംഗര്‍ക്കും തങ്ങളുടെ സഹായ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ബദൽ മാർഗമായി ഉപയോഗിക്കുന്ന കഴുത വണ്ടികള്‍ പോലെയുള്ളത് വാങ്ങാന്‍ കഴിയുന്നവർ വളരെ കുറവാണ്. വീല്‍ചെയറുകള്‍, വാക്കറുകള്‍, ചൂരല്‍ വടികള്‍, സ്പ്ലിന്റ്സ്, പ്രോസ്‌തെറ്റിക്‌സ് തുടങ്ങിയ ഉപകരണങ്ങള്‍ ഇസ്രായില്‍ അധികൃതര്‍ ഇരട്ട ഉപയോഗ വസ്തുക്കള്‍ ആയി കണക്കാക്കുന്നതിനാൽ അതിനാല്‍ ഇവ ഗാസയിലേക്ക് പ്രവേശനാനുമതി നല്‍കുന്ന സഹായ വസ്തുക്കളായി ഉള്‍പ്പെടുത്തിയിട്ടില്ല.
യുദ്ധം ബാധിച്ച വികലാംഗര്‍ക്ക് വന്‍തോതിലുള്ള മാനുഷിക സഹായം എത്തിക്കണം. കൂടുതല്‍ അക്രമം, ഉപദ്രവം, മരണങ്ങള്‍, അവകാശങ്ങള്‍ നിഷേധിക്കല്‍ എന്നിവ തടയുന്നതിന് എല്ലാ കക്ഷികളും വികലാംഗര്‍ക്ക് സംരക്ഷണ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
2023 ഒക്ടോബര്‍ ഏഴിനും ഈ വര്‍ഷം ഓഗസ്റ്റ് 21 നും ഇടയില്‍ കുറഞ്ഞത് 1,57,114 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ 25 ശതമാനത്തിലധികം പേര്‍ ജീവിതകാലം മുഴുവന്‍ വൈകല്യമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. വൈകല്യമുള്ളവര്‍ക്ക് സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവാദമുണ്ടെന്നും അങ്ങിനെ ചെയ്യാന്‍ അവര്‍ക്ക് സഹായം ലഭിക്കുന്നുണ്ടെന്നും ഇസ്രായില്‍ ഉറപ്പ് വരുത്തണമെന്നും യു.എന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.