ജനീവ– 2024 ജൂലൈ മുതല്‍ വിദഗ്ധ ചികിത്സക്കായി ഗാസയില്‍ നിന്ന് വിദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് കാത്തിരുന്ന ആയിരത്തിലേറെ രോഗികള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2024 ജൂലൈ മുതല്‍ 2025 നവംബര്‍ വരെയുള്ള കാലയളവില്‍ മെഡിക്കല്‍ ഒഴിപ്പിക്കല്‍ കാത്തിരുന്ന 1,092 രോഗികളാണ് മരണപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യക്തമാക്കി. ഈ കണക്കുകളുടെ ഉറവിടം ഗാസയിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണെന്നും ഇത് യഥാര്‍ഥത്തില്‍ മരണപ്പെട്ട രോഗികളുടെ എണ്ണത്തേക്കാള്‍ കുറവായിരിക്കാന്‍ സാധ്യതയുണ്ടെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിശദീകരിച്ചു.
2023 ഒക്ടോബര്‍ മുതല്‍ ലോകാരോഗ്യ സംഘടനയും അതിന്റെ പങ്കാളികളും ഗാസയില്‍ നിന്ന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള 10,600 ലേറെ രോഗികളെ ഒഴിപ്പിച്ചു. തീവ്രപരിചരണം ആവശ്യമുള്ള 5,600 ലേറെ കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഗാസയില്‍ നിന്നുള്ള രോഗികളെ സ്വീകരിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവരണം. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ വെസ്റ്റ് ബാങ്കില്‍ നിന്നും മെഡിക്കല്‍ ഒഴിപ്പിക്കല്‍ പുനരാരംഭിക്കണം. വിദേശങ്ങളിലെ ചികിത്സയിലൂടെ മാത്രം ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന ആളുകളുണ്ടെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ആശുപത്രികള്‍ അടക്കമുള്ള ആരോഗ്യ സംവിധാനം ഏറെക്കുറെ പൂര്‍ണമായും തകര്‍ന്ന ഗാസയില്‍ നിന്നുള്ള മെഡിക്കല്‍ ഒഴിപ്പിക്കല്‍ ഇപ്പോഴും വളരെ സാവധാനത്തിലാണ് നടക്കുന്നത്. നാലായിരത്തിലേറെ കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 18,500 രോഗികളെ ചികിത്സക്കായി ഗാസക്ക് പുറത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വക്താവ് താരിക് ജസരേവിച്ച് ജനീവയില്‍ ചൂണ്ടികാട്ടി.
ഈ കണക്കുകളില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത രോഗികള്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂവെന്നും വിദേശങ്ങളില്‍ ചികിത്സ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വളരെ കൂടുതലാണെന്നും ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് ഉദ്യോഗസ്ഥന്‍ എ.എഫ്.പിയോട് പറഞ്ഞു. ഇതുവരെ 30 ലധികം രാജ്യങ്ങള്‍ ഗാസയില്‍ നിന്നുള്ള രോഗികളെ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈജിപ്ത്, യു.എ.ഇ എന്നിവയുള്‍പ്പെടെ ചില രാജ്യങ്ങള്‍ മാത്രമേ ഗാസയില്‍ നിന്നുള്ള കൂടുതല്‍ രോഗികളെ സ്വീകരിച്ചിട്ടുള്ളൂ എന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.



