ജിദ്ദ – ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അധികാര പരിധി സംബന്ധിച്ച ഇസ്രായിലിന്റെ അപ്പീലുകള്‍ പരിഗണിക്കുന്നതു വരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകള്‍ റദ്ദാക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷ ഐ.സി.സി ജഡ്ജിമാര്‍ നിരാകരിച്ചു. നീതി നടപ്പാക്കാനുള്ള അന്താരാഷ്ട്ര ജുഡീഷ്യറിയുടെ നിശ്ചയാദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്ന തീരുമാനമായി ഇത് വിലയിരുത്തപ്പെടുന്നു. ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടന്നതായി സംശയിക്കുന്ന അതിക്രമങ്ങളെ കുറിച്ചുള്ള ഐ.സി.സിയുടെ വിശാലമായ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന ഇസ്രായിലിന്റെ അപേക്ഷയും ജഡ്ജിമാര്‍ നിരാകരിച്ചതായി കോടതി വെബ്സൈറ്റ് പറയുന്നു.
ഗാസ യുദ്ധത്തിനിടെ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയെന്ന് ആരോപിച്ച് നെതന്യാഹു, ഗാലന്റ്, മുഹമ്മദ് ദൈഫ് എന്ന പേരില്‍ അറിയപ്പെടുന്ന ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍മസ്‌രി എന്നിവര്‍ക്കെതിരെ നവംബര്‍ 21 ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ടുകള്‍ പുറപ്പെടുവിക്കുകയായിരുന്നു. ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ മുഹമ്മദ് ദൈഫിനെതിരായ അറസ്റ്റ് വാറണ്ട് പിന്‍വലിച്ചതായി കോടതി അറിയിച്ചു.
ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അധികാര പരിധി ഇസ്രായില്‍ നിഷേധിക്കുന്നു. തങ്ങള്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്ന് ഇസ്രായില്‍ വാദിക്കുന്നു. 2023 ഒക്ടോബര്‍ ഏഴിന് നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഹമാസ് ആക്രമണത്തോടുള്ള പ്രതികരണമായാണ് തങ്ങളുടെ സൈനിക നടപടിയെന്ന് ഇസ്രായില്‍ പറയുന്നു. നേരത്തെ നല്‍കിയ അപ്പീലുകള്‍ കണക്കിലെടുത്താല്‍ അറസ്റ്റ് വാറണ്ടുകള്‍ക്ക് നിയമപരമായ അടിസ്ഥാനമില്ലെന്ന് ഇസ്രായില്‍ കണക്കാക്കുന്നു.
എന്നിരുന്നാലും, ഇസ്രായിലിന്റെ അപ്പീലുകള്‍ വാറണ്ടുകളുടെ സാധുതയെ ഇപ്പോള്‍ ബാധിക്കില്ലെന്നും കോടതി അധികാര പരിധി വിഷയത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നതു വരെ അവ നിലനില്‍ക്കുമെന്നും പുതിയ വിധിന്യായത്തില്‍ ജഡ്ജിമാര്‍ വ്യക്തമാക്കി. നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അഭൂതപൂര്‍വമായ നീക്കത്തിലൂടെ കോടതിയിലെ നാല് വനിതാ ജഡ്ജിമാര്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇസ്രായിലിന്റെ അപേക്ഷ നിരാകരിച്ചുകൊണ്ട് പുതിയ വിധി പുറപ്പെടുവിച്ച പാനലില്‍ ഈ ജഡ്ജിമാരില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു.