വത്തിക്കാന്‍: രണ്ട് വര്‍ഷമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് ശക്തമായി അഭ്യര്‍ഥിച്ചു. സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ഗാസയില്‍ മാനുഷിക സഹായം പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.
വളരെയധികം ഭീകരതക്കും നാശത്തിനും മരണത്തിനും കാരണമായ വിശുദ്ധ ഭൂമിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഞാന്‍ വീണ്ടും ശക്തമായി അഭ്യര്‍ഥിക്കുന്നു – വത്തിക്കാനില്‍ വിശ്വാസികളുമായി നടത്തിയ തന്റെ പ്രതിവാര കൂടിക്കാഴ്ചയില്‍ മാര്‍പ്പാപ്പ പറഞ്ഞു. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും മാനുഷിക സഹായം സുരക്ഷിതമായി പ്രവേശിപ്പിക്കാന്‍ സൗകര്യമൊരുക്കണമെന്നും അന്താരാഷ്ട്ര മാനുഷിക നിയമം പൂര്‍ണമായും മാനിക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു -മാര്‍പ്പാപ്പ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ മുതല്‍, ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായിലി വ്യോമാക്രമണങ്ങളില്‍ 21 ഫലസ്തീന്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് തെക്കുപടിഞ്ഞാറുള്ള അല്‍തീന സെന്ററിന് സമീപം ഇസ്രായില്‍ സേന നടത്തിയ വെടിവെപ്പില്‍ റിലീഫ് വിതരണ കേന്ദ്രത്തില്‍ ഭക്ഷണം തേടിയെത്തിയ നാലു പേര്‍ കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ സഫ റിപ്പോര്‍ട്ട് ചെയ്തു.
2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഗാസ യുദ്ധത്തില്‍ ഇതിനകം 62,819 പേര്‍ കൊല്ലപ്പെടുകയും 1,58,629 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 9,000 ലേറെ പേരെ കാണാതായി. ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ഥികളായി. പട്ടിണി മൂലം മരണപ്പെട്ടവരുടെ എണ്ണം 117 കുട്ടികള്‍ ഉള്‍പ്പെടെ 303 പേരായി.