കയ്‌റോ – ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും നേതൃത്വത്തില്‍ ഈജിപ്തിലെ ശറമുശ്ശൈഖില്‍ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെക്കാനുള്ള സമാധാന ഉച്ചകോടി തിങ്കളാഴ്ച നടക്കും.
ഇരുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്‍സി അറിയിച്ചു. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുക, എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്നും പ്രസിഡന്‍സി വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിന്റെ നിരന്തരമായ ശ്രമങ്ങളുടെയും വെളിച്ചത്തിലാണ് ഉച്ചകോടി നടക്കുന്നതെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്‍സി കൂട്ടിചേർത്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരെല്ലാം ഈ ഉച്ചകോടിയിൽ പങ്കെടുക്കും.
ഗാസ മുനമ്പിന്റെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈജിപ്തില്‍ നിരവധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്ഷ്യന്‍, ഖത്തര്‍, അമേരിക്കന്‍ മധ്യസ്ഥതയിലൂടെ ഇസ്രായിലും ഹമാസും ഒപ്പുവച്ച കരാര്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഉച്ചകോടി നടക്കുന്നത്. ഇസ്രായിലി ബന്ദികളെയും ഫലസ്തീന്‍ തടവുകാരെയും കൈമാറുന്നതും ഈ കരാറിൽ ഉണ്ടായിരുന്നു.
അതേസമയം ഒപ്പുവെക്കല്‍ ചടങ്ങില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഹമാസ് അറിയിച്ചു.മധ്യസ്ഥരും അമേരിക്കന്‍, ഇസ്രായിലി ഉദ്യോഗസ്ഥർ മാത്രമേ ചടങ്ങില്‍ പങ്കെടുക്കകയുള്ളൂവെന്ന് ഹമാസ് പൊളിറ്റിക്കല്‍ നേതാവായ ഹുസാം ബദ്‌റാന്‍ പറഞ്ഞു. ഗാസ മുനമ്പിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി ചർച്ചകൾ തുടരുകയാണെന്ന് ഹമാസ് വ്യക്തമാക്കി. ഗാസ മുനമ്പിലെ ഫലസ്തീനികളുടെ സുരക്ഷയാണ് തങ്ങൾക്ക് ഏറ്റവും പ്രാധാന്യമെന്നും ഹമാസ് നേതാവ് ഇസ്സത്ത് അല്‍രിസ്ഖ് ചൂണ്ടികാണിച്ചു.