ജനീവ – ഗാസയിലെ ആരോഗ്യ സംവിധാനം പുനര്‍നിര്‍മ്മിക്കാന്‍ കുറഞ്ഞത് 700 കോടി ഡോളര്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗാസയില്‍ ഇപ്പോള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്ല. 36 എണ്ണത്തില്‍ 14 എണ്ണം മാത്രമാണ് ഭാഗികമായി പ്രവര്‍ത്തിക്കുന്നത്. അവശ്യ മരുന്നുകള്‍, ഉപകരണങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവയുടെ കടുത്ത ക്ഷാമമുണ്ട്. അതേസമയം, വിവാദമായ യു.എസ് പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് പകരമായി ഗാസയില്‍ മാനുഷിക സഹായം എത്തിക്കാനുള്ള പുതിയ നിര്‍ദേശം അമേരിക്ക പരിഗണിക്കുന്നതായി വിവരങ്ങള്‍ പുറത്തുവന്നു.
രണ്ട് വര്‍ഷത്തെ യുദ്ധത്തിനുശേഷം ഗാസയില്‍ കൂടുതല്‍ സഹായ വിതരണം സാധ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയുടെ പരിഗണനയിലുള്ള നിരവധി ആശയങ്ങളില്‍ ഒന്നാണിതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനും റിലീഫ് മേഖലാ പ്രവര്‍ത്തകനും പറഞ്ഞു. ഇസ്രായിലും ഹമാസും തമ്മിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തല്‍ 13 ദിവസമായി നിലനില്‍ക്കുന്നു. ഗാസയില്‍ പട്ടിണി വ്യാപിക്കുന്നതായി യു.എന്‍ പിന്തുണയുള്ള ലോക പട്ടിണി നിരീക്ഷണ ഏജന്‍സി ഓഗസ്റ്റില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയില്‍ ഭക്ഷ്യവസ്തുക്കള്‍ പ്രവേശിപ്പിക്കുന്നത് രണ്ട് മാസത്തോളം ഇസ്രായില്‍ വിലക്കിയതിനു ശേഷം മെയ് 26 മുതല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഗാസ മുനമ്പില്‍ ഭക്ഷണം വിതരണം ചെയ്തുവരികയാണ്. ഫൗണ്ടേഷനു കീഴിലെ ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ ഇസ്രായില്‍ സൈനികര്‍ നടത്തിയ വെടിവെപ്പുകളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ദൈനംദിനം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടാതെ യുദ്ധ കാലത്ത് ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ തികഞ്ഞ അരാജകത്വമാണ് നിലനിന്നിരുന്നത്. ഈ സംഘടനയുമായി സഹകരിക്കാന്‍ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സികളും മിക്ക മാനുഷിക സംഘടനകളും വിസമ്മതിച്ചു. അതിന്റെ പ്രവര്‍ത്തന സംവിധാനങ്ങളിൽ സംശയങ്ങള്‍ ഉന്നയിച്ച യു.എന്‍ ഏജന്‍സികളും മാനുഷിക സംഘടനകളും ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഇസ്രായില്‍ സൈന്യത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുകയാണെന്ന് പറഞ്ഞു.
ഇസ്രായില്‍ സൈന്യവുമായി ഏകോപനം നടത്തുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍, മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ നയിക്കുന്ന സേഫ് റീച്ച് സൊല്യൂഷന്‍സ് എന്ന ലാഭം മോഹിച്ച് പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് കമ്പനിയുമായും മുന്‍ അമേരിക്കന്‍ സൈനികരെ നിയമിക്കുന്ന അതിന്റെ അനുബന്ധ സുരക്ഷാ സേവന കമ്പനിയായ യു.ജി സൊല്യൂഷന്‍സുമായും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.



