ന്യൂയോർക്ക്: ഗാസയിലെ സ്ഥിതിഗതികൾ മനുഷ്യനിർമിത ദുരന്തമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചു. ഗാസ ഗവർണറേറ്റിൽ ഓഗസ്റ്റ് 15 മുതൽ പട്ടിണി നിലനിൽക്കുന്നതിന്റെ തെളിവുകൾ ഉണ്ടെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച്, ഗാസയിലെ സാഹചര്യം “ജീവനുള്ള നരകം” ആണെന്ന് ഗുട്ടെറസ് വ്യക്തമാക്കി. “ഇത് ഒരു നിഗൂഢതയല്ല, മറിച്ച് മനുഷ്യനിർമിത ദുരന്തവും മനുഷ്യരാശിയുടെ ധാർമിക പരാജയവുമാണ്,” അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അധിനിവേശ ശക്തിയെന്ന നിലയിൽ ഇസ്രായിലിന് അന്താരാഷ്ട്ര നിയമപ്രകാരം ഗാസയിൽ ഭക്ഷണവും വൈദ്യസഹായവും ഉറപ്പാക്കാൻ ബാധ്യതയുണ്ടെന്നും, ഈ സാഹചര്യം ശിക്ഷയില്ലാതെ തുടരാൻ അനുവദിക്കാനാവില്ലെന്നും ഗുട്ടെറസ് ഊന്നിപ്പറഞ്ഞു.
ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് ലാമി, ഗാസയിലെ പട്ടിണിയെ ധാർമിക അപവാദമെന്ന് വിശേഷിപ്പിച്ചു. “ഗാസ നഗരത്തിലും പരിസരങ്ങളിലും പട്ടിണി സ്ഥിരീകരിച്ചത് ഭയാനകവും പൂർണമായും തടയാവുന്നതുമാണ്. ഇസ്രായിൽ സർക്കാർ മതിയായ മാനുഷിക സഹായം അനുവദിക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം,” അദ്ദേഹം പറഞ്ഞു. ഭക്ഷണം, വൈദ്യസാമഗ്രികൾ, ഇന്ധനം എന്നിവ ഉൾപ്പെടെ സുസ്ഥിരമായ സഹായം ഗാസയിലേക്ക് എത്തിക്കാൻ ഇസ്രായിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് ലാമി ആവശ്യപ്പെട്ടു. ഗാസയിലെ ഇസ്രായേൽ സൈനിക നടപടികളെ ബ്രിട്ടൻ അപലപിക്കുന്നു. “ഇത് മാനുഷിക സാഹചര്യം വഷളാക്കുകയും ഹമാസിന്റെ പക്കലുള്ള ഇസ്രായേൽ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നു,” ലാമി കൂട്ടിച്ചേർത്തു.
യൂറോപ്യൻ ക്രൈസിസ് മാനേജ്മെന്റ് കമ്മീഷണർ ഹഡ്ജ ലഹ്ബിബ്, ഗാസയിലെ പട്ടിണി ഗുരുതരമായ മാനുഷിക പ്രതിസന്ധിയുടെ തെളിവാണെന്ന് ചൂണ്ടിക്കാട്ടി. “ഗാസയിലേക്ക് എത്തുന്ന ഭക്ഷണം പട്ടിണി തടയാൻ പര്യാപ്തമല്ല. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ജീവഹാനിക്ക് കാരണമാകും,” അവർ മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയ്ക്കും അന്താരാഷ്ട്ര സർക്കാരിതര സംഘടനകൾക്കും തടസ്സമില്ലാതെ സഹായം എത്തിക്കാൻ ഇസ്രായിൽ അവസരമൊരുക്കണമെന്നും, അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ജോർദാൻ വിദേശ മന്ത്രാലയവും ഗാസയിലെ പട്ടിണിയെ അപലപിച്ചു. “ഇസ്രായേൽ നയങ്ങളും സൈനിക നടപടികളും മൂലമുണ്ടായ ഈ മനുഷ്യനിർമിത ദുരന്തം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണം. ഗാസ മുനമ്പിലേക്ക് മതിയായതും സുസ്ഥിരവുമായ സഹായം എത്തിക്കണം,” മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.