ഗാസ സിറ്റി: ഇസ്രായേൽ ആക്രമണം ശക്തമാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഗാസ സിറ്റിയിലെ ക്രിസ്ത്യൻ പള്ളികളിൽ നിന്ന് ഒഴിഞ്ഞുപോകില്ലെന്നു വ്യക്തമാക്കി ഗ്രീക്ക് ഓർത്തഡോക്‌സ്, കത്തോലിക്കാ സഭകളിലെ പുരോഹിതരും കന്യാസ്ത്രീകളും. ഗാസയിൽ ഇസ്രായേൽ അധിനിവേശം ശക്തമാക്കിയ 2023 ഒക്ടോബർ മുതൽ സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്‌സ് സമുച്ചയവും ഹോളി ഫാമിലി ചർച്ച് സമുച്ചയവും ‘നൂറുകണക്കിന് സാധാരണക്കാർക്ക്’ അഭയകേന്ദ്രമായി മാറിയിട്ടുണ്ടെന്നന്നും
ഗ്രീക്ക് ഓർത്തഡോക്‌സ് പാത്രിയാർക്കേറ്റും ജറുസലേം ലാറ്റിൻ പാത്രിയാർക്കേറ്റും സംയുക്ത പ്രസ്താവനയിൽ വിശദീകരിച്ചു. വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനവിഭാഗങ്ങൾക്ക് അഭയം നൽകുന്നത് തുടരുമെന്നും ഇസ്രായേലിന് തങ്ങളെ പുറത്താക്കാൻ കഴിയില്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
‘ഗാസ സിറ്റിയിലെ മറ്റ് താമസക്കരെ പോലെ ഞങ്ങളുടെ സൗകര്യങ്ങളിൽ താമസിക്കുന്ന അഭയാർത്ഥികൾക്കും അവരുടെ മനസ്സാക്ഷി അനുസരിച്ച് തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. സമുച്ചയങ്ങളുടെ ചുവരുകൾക്കുള്ളിൽ അഭയം തേടിയവരിൽ പലരും കഴിഞ്ഞ മാസങ്ങളിലെ പ്രയാസങ്ങൾ മൂലം ദുർബലരും പോഷകാഹാരക്കുറവുള്ളവരുമാണ്. ഗാസ സിറ്റി വിട്ട് തെക്കോട്ട് ഓടിപ്പോകാൻ ശ്രമിക്കുന്നത് മരണത്തിലേക്ക് ഓടിച്ചെല്ലുന്നതിന് തുല്യമാണ്.’
– പാത്രിയാർക്കേറ്റുകൾ പ്രസ്താവനയിൽ പറയുന്നു.
‘ഇക്കാരണത്താൽ, പുരോഹിതരും കന്യാസ്ത്രീകളും സമുച്ചയങ്ങളിൽ തുടരാനും എല്ലാവർക്കും പരിചരണം തുടരാനുമാണ് തീരുമാനിച്ചിട്ടുള്ളത്. നമ്മുടെ സമൂഹത്തിന് മാത്രമല്ല, ഫലസ്തീനിലെ ജനതയ്ക്കും എന്താണ് സംഭവിക്കുകയെന്ന് ഞങ്ങൾ പ്രവചിക്കാൻ കഴിയില്ല. എന്നാൽ, ഇപ്പോൾ ചെയ്യുന്നത് തുടരാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ. ആളുകളെ തടവിലാക്കൽ, ഫലസ്തീനികളെ അവരുടെ വീടുകളിൽ നിന്ന് കുടിയിറക്കൽ, പ്രതികാരം എന്നിവയെ അടിസ്ഥാനമാക്കി ഒരു ഭാവിയും ഉണ്ടാകില്ല. ഇത് ശരിയായ വഴിയല്ല.’ –
പ്രസ്താവനയിൽ പറയുന്നു. ‘നിരർത്ഥകവും വിനാശകരവുമായ യുദ്ധം’ അവസാനിപ്പിക്കണമെന്നും ഹമാസ് അടക്കമുള്ളവർ ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ജൂലൈയിൽ ഹോളി ഫാമിലി ചർച്ച് സമുച്ചയത്തിൽ ഐഡിഎഫിന്റെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്രതലത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. ജറുസലേം ലാറ്റിൻ പാത്രിയാർക്ക് കർദ്ദിനാൾ പിയർബത്തിസ്റ്റ പിസ്സബല്ല, ഓർത്തഡോക്‌സ് പാത്രിയാർക്ക് തിയോഫിലസ് മൂന്നാമൻ എന്നിവർ ഗാസയിലെ ക്രിസ്ത്യൻ ജനവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി എത്തിയിരുന്നു. തങ്ങളുടെ മിസൈൽ തെറ്റായി പതിച്ചതാണ് ചർച്ചിലെ മരണങ്ങൾക്ക് കാരണം എന്നായിരുന്നു ഇസ്രായേലിന്റെ അവകാശവാദം.