ഗാസ – ഗാസയില്‍ 26,000 കുട്ടികള്‍ക്ക് കടുത്ത പോഷകാഹാരക്കുറവെന്ന് റിപ്പോർട്ട്. ഇതിനായി അടിയന്തിര ചികിത്സ ആവശ്യമാണെന്ന് മുന്നറിയിപ്പ് നൽകി യൂനിസെഫ്. ഇസ്രായില്‍ സൈന്യം ആരംഭിച്ച വന്‍തോതിലുള്ള കരയാക്രമണത്തിന്റെ വെളിച്ചത്തില്‍ ഗാസ സിറ്റിയില്‍ മാത്രം പതിനായിരത്തിലേറെ കുട്ടികള്‍ ഉള്‍പ്പെടെ ഗാസ മുനമ്പില്‍ ഏകദേശം 26,000 കുട്ടികള്‍ക്ക് കടുത്ത പോഷകാഹാരക്കുറവിന് അടിയന്തര ചികിത്സ ആവശ്യമാണ്.
കഴിഞ്ഞ ഓഗസ്റ്റില്‍ പരിശോധനക്ക് വിധേയരായ എട്ട് കുട്ടികളില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നതായി യൂനിസെഫ് വക്താവ് ടെസ് ഇന്‍ഗ്രാം പറഞ്ഞു. ഇത് ഗാസ മുനമ്പില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ടെസ് ഇന്‍ഗ്രാം കൂട്ടിച്ചേര്‍ത്തു. കുടിയൊഴുപ്പിക്കല്‍ ഉത്തരവുകളും സൈനിക നടപടികളുടെ വര്‍ധനവും കാരണം ഗാസ സിറ്റിയിലെ പോഷകാഹാര കേന്ദ്രങ്ങള്‍ ഈ ആഴ്ച അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായി.
700 ദിവസത്തിലധികമായി തുടരുന്ന ആക്രമണം കാരണം ഇതിനകം അഞ്ചു ലക്ഷത്തോളം കുട്ടികള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതായും ടെസ് ഇന്‍ഗ്രാം പറഞ്ഞു. ഓഗസ്റ്റ് 14 മുതല്‍ ഏകദേശം ഒന്നര ലക്ഷം ആളുകള്‍ ഗാസ നഗരത്തില്‍ നിന്ന് ഗാസ മുനമ്പിന്റെ തെക്കു ഭാഗത്തേക്ക് പലായനം ചെയ്തതായും ജനങ്ങള്‍ സുരക്ഷിതമായ അഭയസ്ഥലം തേടി നഗരത്തിനകത്തും പരിസരപ്രദേശങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുന്നത് തുടരുകയാണെന്നും യൂനിസെഫ് പറഞ്ഞു.