കയ്റോ– ഗാസയിലെ ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കാനായി ഈജിപ്തിലെ ശറമുശ്ശൈഖിൽ മധ്യസ്ഥരും ഹമാസും തമ്മിലുള്ള ആദ്യ റൗണ്ട് ചർച്ച അവസാനിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരും. ഈജിപ്ത്, ഖത്തർ, അമേരിക്ക, തുർക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ച പുരോഗമിക്കുന്നത്. ബന്ദികളുടെ മോചനത്തിന് ഗാസ മുനമ്പിലെ ഇസ്രായിലിന്റെ തുടർച്ചയായ ബോംബാക്രമണം വെല്ലുവിളിയാണെന്നും അതിനാൽ നിലവിലുള്ള സൈനിക നടപടികളടക്കം നിർത്തിവെക്കണമെന്ന് ഹമാസ് പ്രതിനിധി സംഘം മധ്യസ്ഥരെ അറിയിച്ചു.
ഖത്തറിൽ കഴിഞ്ഞ മാസം ഇസ്രായിൽ ആക്രമണത്തിൽ രക്ഷപ്പെട്ട ഹമാസ് പ്രതിനിധി സംഘത്തിലെ അംഗങ്ങളായ ഖലീൽ അൽഹയ്യ, സാഹിർ ജബാരീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തതയാണ് റിപ്പോർട്ട്. ഗാസ മുനമ്പിൽ നിന്ന് ഇസ്രായിൽ സൈന്യം പിൻവാങ്ങുക, ഫലസ്തീൻ തടവുകാരുടെയും ഇസ്രായിലി ബന്ദികളുടെയും കൈമാറ്റം, വെടിനിർത്തൽ ക്രമീകരണങ്ങൾ, ദുരിതാശ്വാസ പ്രശ്‌നങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നതെന്ന് ഫലസ്തീൻ വൃത്തങ്ങൾ പറഞ്ഞു. ഇരു പക്ഷത്തിന്റെയും വ്യത്യസ്ത നിലപാടുകൾ കാരണം ചർച്ച ദിവസങ്ങളോളം തുടരുമെന്നാണ് സൂചന. വെടി നിർത്തൽ സ്ഥിപ്പെടുത്താനും ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് സമയപരിധി സ്ഥാപിക്കാനും ശ്രമം നടക്കുന്നുണ്ട്.
ഗാസയുടെ പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കാൻ താൽക്കാലിക അന്താരാഷ്ട്ര സേനയെ രൂപീകരിക്കുന്നതിനെ കുറിച്ചും വെടിനിർത്തലിന് ശേഷമുള്ള ഗാസ ഭരണകൂടത്തിന്റെ ഭാവിയെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ടെന്നും ഇസ്രായിലി റേഡിയോ റിപ്പോർട്ട് ചെയ്തു. ട്രംപ് പദ്ധതിയുടെ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തുന്ന കാര്യത്തിൽ ഈ ഘട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ചാ പ്രതിനിധി സംഘത്തെ അറിയിച്ചതായി ചാനൽ 13 റിപ്പോർട്ട് ചെയ്തു. സൈനിക നടപടികൾ അവസാനിപ്പിക്കുന്നതുമായും ഗാസ മുനമ്പിൽ നിന്ന് ഇസ്രായിൽ സൈന്യത്തെ പിൻവലിക്കുന്നതുമായും ബന്ധപ്പെട്ട കരാർ നിബന്ധനകൾ ഇസ്രായിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മേൽനോട്ടം ആവശ്യമാണെന്ന കാര്യത്തിൽ ഹമാസ് ഉറച്ചുനിന്നു.
ഇസ്രായിലിന്റെ സുരക്ഷാ ആവശ്യങ്ങൾക്കും കഷ്ടപ്പാട് അനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ ആവശ്യങ്ങൾക്കും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ ഈജിപ്ത് ശ്രമിക്കുന്നതായി ഫലസ്തീൻ നിരീക്ഷകർ പറഞ്ഞു. മുൻ റൗണ്ടുകളിൽ സംഭവിച്ചതുപോലെ കരാർ തകരാതിരിക്കാൻ എല്ലാ കക്ഷികളും കരാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈജിപ്ത് താൽപ്പര്യപ്പെട്ടു.