പാരീസ്– ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റ് മാക്രോണും തമ്മിൽ പ്രസിഡൻഷ്യൽ വിമാനത്തിൽ വെച്ചുണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് പത്രപ്രവർത്തകൻ ഫ്ലോറിയൻ ടാർദേവ്. 2025 മെയ് മാസത്തിൽ വിയറ്റ്‌നാം സന്ദർശനത്തിനിടെ വിമാനത്തിന്റെ വാതിൽ തുറന്നപ്പോൾ ബ്രിജിറ്റ് മാക്രോൺ പ്രസിഡന്റിന്റെ മുഖത്തടിക്കുന്നതായി തോന്നിപ്പിച്ച ദൃശ്യങ്ങൾക്ക് പിന്നിലെ കാരണം ഇറാനിയൻ നടിയുമായുള്ള ബന്ധമാണെന്നാണ് ടാർദേവ് അവകാശപ്പെടുന്നത്. ‘ആൽബിൻ മൈക്കൽ’ പ്രസിദ്ധീകരിച്ച ‘എ (സെമി) പെർഫെക്റ്റ് കപ്പിൾ’ എന്ന പുസ്തകത്തിലാണ് മാക്രോണിന്റെ കുടുംബജീവിതത്തെ ബാധിച്ച വിവാദങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ഫ്രഞ്ച്-ഇറാനിയൻ നടി ഗോൾഷിഫ്‌തേ ഫറാഹാനിയുമായി മാക്രോൺ നടത്തിയ സ്വകാര്യ സന്ദേശങ്ങൾ ബ്രിജിറ്റ് മാക്രോൺ ഫോണിൽ കണ്ടതാണ് തർക്കത്തിന് ആധാരമെന്ന് പുസ്തകം പറയുന്നു. നടി സുന്ദരിയാണെന്ന് മാക്രോൺ പ്രശംസിച്ച സന്ദേശം ദമ്പതികൾക്കിടയിൽ രൂക്ഷമായ വാഗ്വാദത്തിന് കാരണമായെന്നും, വിമാനം ലാൻഡ് ചെയ്യുന്നതുവരെ ഈ പിരിമുറുക്കം നീണ്ടുനിന്നെന്നുമാണ് ലേഖകന്റെ വാദം. വിമാനത്തിന്റെ വാതിൽ തുറന്നപ്പോൾ ക്യാമറകൾ പകർത്തിയ ദൃശ്യങ്ങളിൽ ബ്രിജിറ്റിന്റെ കൈ പ്രസിഡന്റിന്റെ മുഖത്തേക്ക് നീങ്ങുന്നത് കേവലം കളിതമാശയല്ലെന്നും മറിച്ച് മാസങ്ങളായി നിലനിന്നിരുന്ന അസ്വാരസ്യങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എന്നാൽ ഈ ആരോപണങ്ങളെ എലിസി പാലസ് പൂർണ്ണമായും തള്ളിക്കളഞ്ഞു. പ്രസിഡന്റും ഭാര്യയും തമ്മിലുള്ള സ്വാഭാവികമായ ഇടപെടലുകളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു. മാക്രോണിന്റെ ഫോൺ താൻ പരിശോധിക്കാറില്ലെന്നും പുസ്തകത്തിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ബ്രിജിറ്റ് മാക്രോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. വാർത്തകളിൽ പരാമർശിക്കപ്പെടുന്ന നടി ഗോൾഷിഫ്‌തേ ഫറാഹാനിയും പ്രസിഡന്റുമായുള്ള ബന്ധം നിഷേധിച്ചിട്ടുണ്ട്. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കിംവദന്തികൾ മാത്രമാണെന്നും തനിക്ക് പ്രസിഡന്റുമായി യാതൊരു ബന്ധവുമില്ലെന്നും താരം പ്രതികരിച്ചു. ആരോപണങ്ങൾ നിഷേധിക്കപ്പെട്ടുവെങ്കിലും ഫ്രഞ്ച് രാഷ്ട്രീയ വൃത്തങ്ങളിൽ ഈ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.



