കയ്‌റോ – ബാങ്ക് ജീവനക്കാരനായി ആള്‍മാറാട്ടം നടത്തി മുന്‍ യുവജന-കായിക മന്ത്രി അബ്ദുല്‍ മുന്‍ഇം അമാറയെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്ന പ്രതിയെ ഈജിപ്ഷ്യന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അബ്ദുല്‍ മുന്‍ഇം അമാറ പതിവായി ഇടപാടുകള്‍ നടത്തിയിരുന്ന പ്രശസ്ത ബാങ്കിന്റെ കസ്റ്റമര്‍ സര്‍വീസ് സംഘത്തില്‍ നിന്നുള്ളയാളാണെന്ന് അവകാശപ്പെട്ട് പ്രതി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. അക്കൗണ്ട് മരവിപ്പിക്കാതിരിക്കാന്‍ ബാങ്കിംഗ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് പ്രതി മുന്‍ മന്ത്രിയെ ബോധ്യപ്പെടുത്തി. ഉടന്‍ തന്നെ മുന്‍ മന്ത്രി ഇത് അനുസരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട ലോഗിന്‍ വിവരങ്ങള്‍ കൈക്കലാക്കിയ പ്രതി അക്കൗണ്ടില്‍ നിന്ന് പണം മോഷ്ടിക്കുകയായിരുന്നു.
അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന്, അബ്ദുല്‍ മുന്‍ഇം അമാറ അധികൃതര്‍ക്ക് ഔദ്യോഗിക പരാതി നല്‍കി. കുറ്റവാളിയുടെ ഡിജിറ്റല്‍ കാല്‍പ്പാടുകളും ഫോണ്‍ രേഖകളും കണ്ടെത്താനായി ഉടന്‍ തന്നെ അന്വേഷണ സംഘം രൂപീകരിച്ചു. ഫോണിലൂടെ ഇരകളെ ലക്ഷ്യം വെച്ചും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും പ്രതി ആള്‍മാറാട്ടത്തില്‍ വൈദഗ്ധ്യം നേടിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഈജിപ്തില്‍ ബാങ്ക് കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരെ അനുകരിച്ച് പൗരന്മാരെ കബളിപ്പിച്ച് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുകയും തുടര്‍ന്ന് പണം മോഷ്ടിക്കുകയും ചെയ്യുന്ന സംഘങ്ങളെ സുരക്ഷാ സേന ശക്തമായി പിന്തുടരുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍ വഴി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഡസന്‍ കണക്കിന് സംഘങ്ങളെ ആഭ്യന്തര മന്ത്രാലയം സമീപ കാലത്ത് പിടികൂടിയിട്ടുണ്ട്. നൂറുകണക്കിന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ഇലക്ട്രോണിക് വാലറ്റുകള്‍, തട്ടിപ്പുകളിലൂടെ കൈക്കലാക്കിയ പ്രാദേശിക, വിദേശ കറന്‍സികളുടെ വലിയ ശേഖരം എന്നിവ ഉള്‍പ്പെടെയുള്ളവ പ്രതികളില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തു.



