ഓസ്‌ലോ. നോര്‍വെയിലെ ഓസ്‌ലോയില്‍ നിന്നും സ്‌പെയിനിലെ മലഗയിലേക്ക് പറക്കുകയായിരുന്ന സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ ജീവനുള്ള എലി. ഒരു യാത്രക്കാരിക്കു ലഭിച്ച ഭക്ഷണപ്പൊതി തുറന്നപ്പോഴാണ് എലി പുറത്തു ചാടിയത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഉടന്‍ തന്നെ വിമാനം ഡെന്‍മാര്‍ക്കിലെ കോപന്‍ഹേഗനില്‍ വിമാനം അടിയന്തിരമായി ഇറക്കി. വിമാനത്തിനുള്ളില്‍ അരിച്ചുപെറുക്കി പരിശോധന നടത്തി. തിരച്ചിലില്‍ എലിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയി. ഇലക്ട്രിക്ക് വയറുകള്‍ കടിച്ചു പൊട്ടിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ എലികളെ തടയുന്നതിന് വിമാന കമ്പനികള്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാറുണ്ട്.
ഇത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്നതാണെന്ന് എയര്‍ലൈന്‍ വക്താവ് ഓയിസ്‌റ്റെയ്ന്‍ ഷ്മിത് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് ശക്തമായ നടപടിക്രമങ്ങളും പരിശോധനകളും എല്ലാ തലങ്ങളിലും നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എലിയെ ലഭിച്ച യാത്രക്കാരിയുടെ തൊട്ടടുത്തിരുന്ന യാത്രക്കാരന്‍ സംഭവത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. എലിയെ കണ്ടെങ്കിലും മറ്റു യാത്രക്കാര്‍ക്കൊന്നും ഒരു കുലുക്കവുമുണ്ടായില്ലെന്നും ഏതാനും മണിക്കൂറുകള്‍ യാത്ര വൈകിയെന്നും അദ്ദേഹം കുറിച്ചു.