- ലെബനോനില്‍ 163 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ജിദ്ദ – ദക്ഷിണ ലെബനോനില്‍ കനത്ത പോരാട്ടത്തില്‍ അഞ്ചു സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായിലി സൈന്യം ഇന്ന് അറിയിച്ചു. ഇതോടെ ഇരുപത്തിനാലു മണിക്കൂറിനിടെ ഹിസ്ബുല്ല ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇസ്രായിലി സൈനികരുടെ എണ്ണം പത്തായി ഉയര്‍ന്നു. 40 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സെപ്റ്റംബര്‍ 30 ന് ലെബനോനില്‍ ഇസ്രായില്‍ കരയാക്രമണം ആരംഭിച്ച ശേഷം ഇതുവരെ 32 ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടത് ദുഷ്‌കരമായ നിമിഷമാണെന്ന് പ്രതിരോധ മന്ത്രി യുആവ് ഗാലാന്റ് പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മരണപ്പെട്ട എല്ലാവരും നിശ്ചയദാര്‍ഢ്യത്തോടെ പോരാടി, ഇസ്രായിലിന്റെ സുരക്ഷ എന്ന പൊതുലക്ഷ്യത്തിനായി ഇവര്‍ ജീവന്‍ ബലിയര്‍പ്പിച്ചു – പ്രതിരോധ മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനിടെ ഗാസയിലും ലെബനോനിലുമായി 800 ഓളം ഇസ്രായിലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, ലെബനോനെതിരായ ഇസ്രായില്‍ യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 163 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രി ഫിറാസ് അല്‍അബ്‌യദ് പറഞ്ഞു. ലെബനോനിലെ ആശുപത്രികള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ഇതിനകം 55 ആക്രമണങ്ങള്‍ നടത്തി. ആശുപത്രികള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മൂന്നു മാധ്യമപ്രവര്‍ത്തകരെ ഇസ്രായില്‍ മനഃപൂര്‍വം കൊലപ്പെടുത്തിയതായി ലെബനീസ് ഇന്‍ഫര്‍മേഷന്‍ മന്ത്രി സിയാദ് മകാരി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് സിയാദ് മകാരിയും പറഞ്ഞു. ദക്ഷിണ, കിഴക്കന്‍ ലെബനോനില്‍ സിറിയന്‍ അതിര്‍ത്തിക്കു സമീപമാണ് ലെബനീസ് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം നടത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നര മണിക്കാണ് ബെയ്‌റൂത്തില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെ ഹസ്ബയയില്‍ മാധ്യമപ്രവര്‍ത്തകരുടെ താമസസ്ഥലം ലക്ഷ്യമിട്ട് ഇസ്രായില്‍ യുദ്ധവിമാനം ആക്രമണം നടത്തിയതെന്ന് ലെബനീസ് ഔദ്യോഗിക ദേശീയ വാര്‍ത്താ ഏജന്‍സി പറഞ്ഞു. ഇറാന്‍ അനുകൂല അല്‍മയാദീന്‍ ചാനല്‍ ക്യാമറാമാന്‍ ഗസ്സാന്‍ നജ്ജാര്‍, ബ്രോഡ്കാസ്റ്റിംഗ് എന്‍ജിനീയര്‍ മുഹമ്മദ് രിദ, ഹിസ്ബുല്ലക്കു കീഴിലെ അല്‍മനാര്‍ ചാനല്‍ ക്യാമറാമാന്‍ വിസാം ഖാസിം എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ദക്ഷിണ ബെയ്‌റൂത്തില്‍ അല്‍മയാദീന്‍ ചാനല്‍ ഓഫീസ് ലക്ഷ്യമിട്ടും ഇസ്രായില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരു ബാലന്‍ അടക്കം അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ ഇതുവരെ 2,500 ലേറെ പേര്‍ കൊല്ലപ്പെടുകയും പത്തു ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്.
ലെബനോനും സിറിയക്കും ഇടയിലെ രണ്ടാമത്തെ ബോര്‍ഡര്‍ ക്രോസിംഗും ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായതായി ലെബനീസ് പൊതുമരാമത്ത് വകുപ്പ് മന്ത്രി അലി ഹമിയ പറഞ്ഞു. ഇസ്രായില്‍ യുദ്ധം ആരംഭിച്ച ശേഷം ലെബനോനില്‍ നിന്ന് 4,30,000 പേര്‍ സിറിയയിലേക്ക് ജീവനും കൊണ്ട് രക്ഷപ്പെട്ടിട്ടുണ്ട്.