കയ്റോ – ഈജിപ്ഷ്യന്‍ സൈന്യത്തിലെ ആദ്യ വനിതാ ഉദ്യോഗസ്ഥ ഇബ്തിസാമാത്ത് മുഹമ്മദ് അബ്ദുല്ല നിര്യാതയായതായി ഈജിപ്ഷ്യന്‍ സായുധസേനാ ജനറല്‍ കമാന്‍ഡ് അറിയിച്ചു. 97 വയസായിരുന്നു. ഇവര്‍ 1948 ലെ ഫലസ്തീന് യുദ്ധത്തില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്.
ഈജിപ്തിലെ ബനീസുവൈഫില് 1927 ലാണ് ഇബ്തിസാമാത്തിന്റെ ജനനം. പിതാവ് ഈജിപ്ഷ്യന്‍ സൈന്യത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. സുഡാന്‍കാരി ഫാതിമ ഫദ്ല് ആണ് മാതാവ്. ഇവര്‍ സുഡാനിലെ വാവൊ പ്രവിശ്യ സുല്‍ത്താന്റെ മകളാണ്.
ഫ്രഞ്ച് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എന്നാല്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നില്ല. ഇരുപതാം വയസില്‍ ഈജിപ്ഷ്യന്‍ റെഡ് ക്രസന്റില്‍ ചേര്‍ന്ന് നഴ്സിംഗ് പഠിച്ചു. റെഡ് ക്രസന്റിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം 1947 ല്‍ ഫസ്റ്റ് ലെഫ്റ്റനന്റ് റാങ്കില്‍ ഈജിപ്ഷ്യന്‍ സൈന്യത്തില്‍ ചേരുകയായിരുന്നു. 1948 ലെ ഫലസ്തീന് യുദ്ധത്തില്‍ ഇബ്തിസാമാത്ത് വീരോചിതമായ പങ്ക് വഹിച്ചു. ആയുധമേന്തി യുദ്ധത്തില്‍ പങ്കെടുത്ത ഇബ്തിസാമാത്ത് യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്ക് ഗാസ ഫീല്‍ഡ് ആശുപത്രിയില്‍ ശുശ്രൂഷകള്‍ നല്‍കുന്നതിലും പങ്കാളിത്തം വഹിച്ചു.