ഫുജൈറ- ഫുജൈറ ലക്ഷ്യം വെച്ചെത്തിയ ഡ്രോൺ തകർക്കുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ച് അഗ്നിബാധയുണ്ടായതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി സുരക്ഷ ഉറപ്പാക്കിയെന്നും ഫുജൈറ മീഡിയ ഓഫീസ് വ്യക്തമാക്കി. ജനങ്ങളുടെയും രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
നേരത്തെയും സമാനമായ രീതിയിൽ ഡ്രോൺ, മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലും ടാങ്ക് പരിസരങ്ങളിലും തീപിടുത്തമുണ്ടായിരുന്നു. നിലവിൽ ഓയിൽ ഇൻഡസ്ട്രി സോണിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. യുഎഇയിലെ ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും അടിയന്തര വിഭാഗം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അറിയിപ്പിലുണ്ട്.
ആകാശത്തുനിന്നും വീഴുന്ന അവശിഷ്ടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വീണുകിടക്കുന്ന അജ്ഞാത വസ്തുക്കളെ സമീപിക്കാനോ, സ്പർശിക്കാനോ, ഫോട്ടോ എടുക്കാനോ ശ്രമിക്കരുത്. അപകടകരമായേക്കാവുന്ന ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.



