ജറുസലം: ഗസയില്‍ ഇസ്രായില്‍ സൈന്യം നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് മുന്‍ ഇസ്രായിലി പ്രതിരോധ മന്ത്രിയും സൈനിക മേധാവിയുമായിരുന്ന മോശെ യാലോന്‍. ‘കീഴ്‌പ്പെടുത്തലിന്റേയും വെട്ടിപ്പിടിക്കലിന്റേയും വംശീയ ഉന്മൂലനത്തിന്റേയും പാതയിലാണ് നാം (ഇസ്രായില്‍). യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത് ഈ ഭൂമിയില്‍ (വടക്കന്‍ ഗസ മുനമ്പ്) നിന്ന് അറബികളെ തുടച്ചുനീക്കലാണ്. ബെയ്ത് ലാഹിയ ഇനിയില്ല, ബെയ്ത് ഹനൂന്‍ ഇനിയില്ല, ജബലിയയില്‍ സൈന്യം കടന്നുകയറുന്നു, എന്താണ് അവിടെ സംഭവിക്കുന്നത്?’ സ്വകാര്യ ചാനലായ ഡെമോക്രാറ്റ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ യാലോന്‍ തുറന്നടിച്ചു.
അറബികളെ ലക്ഷ്യമിട്ടുള്ള വംശീയ ഉന്മൂലനം എന്ന് ഊന്നിപ്പറഞ്ഞ് യാലോന്‍ നടത്തിയ ഈ പ്രസ്താവന ഇസ്രായിലില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. യോലോനെ പോലുള്ള ഒരാള്‍ ഇസ്രായിലിന്റെ പ്രതിരോധമന്ത്രിയും സൈനിക മേധാവിയുമായിരുന്നത് ഇസ്രായിലിന് നാണക്കേടാണെന്ന് തീവ്രവലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇതമര്‍ ബെന്‍ ഗ്വിര്‍ പ്രതികരിച്ചു.
74കാരനായ യാലോന്‍ 2002 മുതല്‍ 2005 വരെ ഇസ്രായിലിന്റെ സൈനിക മേധാവി കൂടിയായിരുന്നു. പ്രതിരോധ മന്ത്രി, ഉപപ്രധാനമന്ത്രി എന്നീ പദവികളിലിരിക്കെ ബെന്യാമിന്‍ നെതന്യാഹുവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2016ലാണ് യാലോന്‍ രാജിവച്ചത്. യാലോന്റെ പ്രസ്താവനയ്‌ക്കെതിരെ അദ്ദേഹം നേരത്തെ അംഗമായിരുന്ന ലിക്കുഡ് പാര്‍ട്ടിയും രംഗത്തെത്തി. ഇസ്രായിലിനെതിരെ ഉത്തരവിട്ട അന്താരാഷ്ട്ര നീതിന്യായ കോടതിക്കും ഇസ്രായിലിന്റെ ശത്രുക്കള്‍ക്കുമുള്ള സമ്മാനം എന്നാണ് യാലോനിന്റെ പ്രസ്താവനയെ ലിക്കുഡ് പാര്‍ട്ടി വിശേഷിപ്പിച്ചത്.
ഹമാസ് ഇസ്രായിലിനെ ആക്രമിച്ചതിനു തൊട്ടുപിന്നാലെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴു മുതലാണ് ഫലസ്തിനില്‍ ഇപ്പോള്‍ നടന്നുവരുന്ന ഇസ്രായിലിന്റെ നരനായാട്ട് തുടങ്ങിയത്. ഗസയില്‍ മാത്രം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 44,382 ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം കൊന്നൊടുക്കി എന്നാണ് യുഎന്‍ കണക്കുകള്‍. ഫലസ്തീനികള്‍ക്കുമേല്‍ കൂട്ടക്കൊലപാതകങ്ങളും ജീവനുഭീഷണിയായ സാഹചര്യങ്ങളും മനപ്പൂര്‍വ്വം ഇസ്രായില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഈ ആക്രമണങ്ങള്‍ക്ക് വംശീയ ഉന്മൂലനത്തിന്റെ എല്ലാ സ്വഭാവങ്ങളുമുണ്ടെന്നും യുഎന്‍ സ്‌പെഷ്യല്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.