വാഷിംഗ്ടൺ – അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പിരിഞ്ഞ ടെക് കോടീശ്വരൻ ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. അമേരിക്കക്ക് പുതിയ രാഷ്ട്രീയ പാർട്ടി വേണമെന്നും അത് അവർക്ക് ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം എലോൺ മസ്ക് നടത്തിയത്.
നമ്മുടെ രാജ്യത്തെ മാലിന്യവും അഴിമതിയും കൊണ്ട് പാപ്പരാക്കുന്ന കാര്യം വരുമ്പോൾ, നമ്മൾ ജീവിക്കുന്നത് ജനാധിപത്യത്തിലല്ല, ഏകകക്ഷി സമ്പ്രദായത്തിലാണ് എന്ന് മനസിലാകും. ഇന്ന്, നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് തിരികെ നൽകുന്നതിനാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നതെന്നും മസ്ക് എക്‌സിൽ പോസ്റ്റ് ചെയ്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
ടെസ്‌ലയുടെയും സ്‌പേസ്‌എക്‌സിന്റെയും സി.ഇ.ഒ കൂടിയായ എലോൺ മസ്ക്, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതമായി ബന്ധപ്പെട്ട് എക്സ് പ്ലാറ്റ്ഫോമിൽ അഭിപ്രായ സർവേ നടത്തിയിരുന്നു. ജൂൺ 5-ന് നടത്തിയ പോളിൽ, മധ്യവർഗത്തെ പ്രതിനിധീകരിക്കുന്ന ഒരു പുതിയ രാഷ്ട്രീയ പാർട്ടി അമേരിക്കയിൽ ആവശ്യമാണോ?” എന്ന ചോദ്യത്തിന് 80.4% പേർ അനുകൂലമായി വോട്ട് ചെയ്തു. “അമേരിക്ക പാർട്ടി” എന്ന് പുതിയ പാർട്ടിക്ക് പേര് നിർദ്ദേശിച്ച മസ്ക്, ജനങ്ങളുടെ യഥാർത്ഥ ഇച്ഛാശക്തിയെ പ്രതിനിധീകരിക്കുന്ന ഒരു ബദൽ പാർട്ടിയുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പാർട്ടി രൂപീകരണം സംബന്ധിച്ച ചർച്ച ഉയർന്നുവന്നത്.
സെനറ്റ് സീറ്റുകളിലും 8-10 ഹൗസ് ഡിസ്ട്രിക്ടുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച്, നിയമനിർമ്മാണത്തിൽ നിർണായക വോട്ടുകൾ നേടി ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് തന്ത്രമെന്നും എലോൺ മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അമേരിക്കയിലെ ദ്വിദള രാഷ്ട്രീയ വ്യവസ്ഥയിൽ ഒരു പുതിയ പാർട്ടി സ്ഥാപിക്കുന്നത് വലിയ വെല്ലുവിളികൾ നിറഞ്ഞതാണ്. ഓരോ സംസ്ഥാനത്തിന്റെയും കർശനമായ നിയമങ്ങൾ, ബാലറ്റ് ആക്‌സസ്, ഫണ്ടിംഗ് പരിമിതികൾ എന്നിവ മസ്കിന്റെ പദ്ധതിക്ക് തടസ്സമാകാം.
അതേസമയം, എലോൺ മസ്‌കിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയെ ഏകദേശം 40 ശതമാനം അമേരിക്കക്കാരും പിന്തുണക്കാൻ സാധ്യതയുണ്ട് എന്നാണ് ഏറ്റവും പുതിയ സർവേ പറയുന്നത്. ക്വാണ്ടസ് ഇൻസൈറ്റ്‌സിന്റെ സർവേയിൽ 14% പേർ മസ്കിന്റെ പാർട്ടിയെ “വളരെ സാധ്യതയുള്ളത് എന്നും 26% പേർ മസ്‌കിന്റെ നിർദ്ദിഷ്ട “അമേരിക്ക പാർട്ടി”യെ പിന്തുണയ്ക്കുക്കുമെന്നും പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിലെ 57% പേരും മസ്കിന്റെ അമേരിക്ക പാർട്ടിയെ പിന്തുണയ്ക്കുമെന്ന് പറഞ്ഞു. അതേസമയം, ഡെമോക്രാറ്റുകൾ അമേരിക്കൻ പാർട്ടിയെ ശക്തമായി പിന്തുണക്കുന്നില്ല. വെറും 7% പേർ മാത്രമാണ് ഇതിനെ പിന്തുണയ്ക്കുന്നതെന്ന് പറഞ്ഞത്. 1,000 വോട്ടർമാരിൽ നടത്തിയ സർവേയിൽ രണ്ട് പ്രധാന പാർട്ടികളോടും കടുത്ത അതൃപ്തിയാണ് ജനം രേഖപ്പെടുത്തിയത്. റിപ്പബ്ലിക്കൻമാരോ ഡെമോക്രാറ്റുകളോ അമേരിക്കൻ മൂല്യങ്ങളെ നന്നായി പ്രതിനിധീകരിക്കുന്നില്ലെന്ന് 59% പേരും പറഞ്ഞു.
361 ബില്യൺ ഡോളർ ആസ്തി ഉള്ള മസ്‌കിന് ഒരു ദേശീയ പാർട്ടി രൂപീകരിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് വിദഗ്ദ്ധർ പറയുന്നു. പുതിയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നിയമങ്ങളുണ്ട് – കാലിഫോർണിയയിൽ മാത്രം 75,000 രജിസ്റ്റർ ചെയ്ത അംഗങ്ങൾ അല്ലെങ്കിൽ 1.1 ദശലക്ഷം ഒപ്പുകൾ ഇതിനായി ആവശ്യമാണ്.