കയ്‌റോ: യുദ്ധാനന്തര ഗാസയിലെ സുരക്ഷാ ശൂന്യത പരിഹരിക്കാൻ ഈജിപ്ത്, ജോർദാനുമായും ഫലസ്തീൻ അതോറിറ്റിയുമായും സഹകരിച്ച് 5,000 ഫലസ്തീൻ പോലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ തുടങ്ങിയതായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുൽആത്തി വെളിപ്പെടുത്തി. ഗാസയിൽ സുരക്ഷ ഉറപ്പാക്കാൻ ഫലസ്തീൻ അതോറിറ്റിയുടെ 5,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം ഈജിപ്ഷ്യൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
യുദ്ധാനന്തര ഗാസയുടെ പുനർനിർമാണവും ഭരണവും സംബന്ധിച്ച കാഴ്ചപ്പാട് വ്യക്തമാണെന്നും ഇത് ഒരു അന്താരാഷ്ട്ര സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഗാസയിൽ നിന്നുള്ള 15 പ്രമുഖ സാങ്കേതിക വിദഗ്ധർ അടങ്ങിയ സംഘത്തെ ആറ് മാസത്തേക്ക് ഭരണം കൈകാര്യം ചെയ്യാൻ നിയോഗിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ധാരണയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഘം ഗാസയിൽ സുരക്ഷയും നിയമവ്യവസ്ഥയും ഉറപ്പാക്കുന്നതിന് കേന്ദ്രമായി പ്രവർത്തിക്കും.
അതിനിടെ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രം ഉചിതമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്താവിച്ചു. “വിജയം എന്നത് സൈന്യത്തിന്റെ നിഘണ്ടുവിലെ ഏക വാക്കാണ്; രാഷ്ട്രീയ പരിഹാരം പരാജയത്തിന്റെയും കീഴടങ്ങലിന്റെയും മറ്റൊരു രൂപം മാത്രമാണ്,” അദ്ദേഹം ജറൂസലേമിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.