കയ്‌റോ– ഈജിപ്തിലെ വസ്ത്ര ഫാക്ടറിയിൽ ഇന്ന് പുലർച്ചെയുണ്ടായ വൻ തീപിടുത്തത്തിൽ എട്ടു പേർ മരിച്ചു. 35 പേർക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ ഗർബിയ ഗവർണറേറ്റിലെ പ്രധാന വ്യാവസായിക കേന്ദ്രമായ അൽമഹല്ല അൽകുബ്‌റയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നും അത് കെട്ടിടത്തിന്റെ മുകൾ നിലയിലെ ബോയിലർ പൊട്ടിത്തെറിക്കാൻ കാരണമായതായും സുരക്ഷാ വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അപകടത്തിൽ കെട്ടിടം ഭാഗികമായി തകർന്നു.
പൂർണമായും സജ്ജീകരിച്ച 26 ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് അയച്ചതായും പരുക്കേറ്റവരെ അൽമഹല്ല ജനറൽ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ ചികിത്സയിലാണ്. സിവിൽ ഡിഫൻസ് യൂണിറ്റുകൾ വൈകുന്നേരം വരെ രക്ഷാപ്രവർത്തനം തുടർന്നു. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടവർക്കായി തിരച്ചിൽ തുടരുകയാണ്. ചുറ്റുമുള്ള പ്രദേശം സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ അധികൃതർ ഏകോപിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൂന്ന് പേരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഇപ്പോഴും ശ്രമിക്കുകയാണ്. അവരുടെ അവസ്ഥ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവർത്തനത്തിടെ ഏതാനും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ മരിച്ചതായി തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരുക്കേറ്റവരിൽ ഒരാൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. എട്ട് പേർ ആശുപത്രിയിൽ തുടരുകയാണന്നും ബാക്കിയുള്ളവർ വീട്ടിലേക്ക് മടങ്ങിയതായും ഗവർണറുടെ ഓഫീസ് അറിയിച്ചു.