കയ്‌റോ – വടക്കൻ ഈജിപ്തിലെ മൻസൂറ നഗരത്തിലെ അൽ-ഖവാജാത്ത് മാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. പത്തു പേർക്ക് പരിക്കേറ്റു. പോർട്ട് സഈദ് സ്ട്രീറ്റിലെ നാല് നില വസ്ത്ര ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.
അഗ്നിബാധയെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചയുടൻ ദഖ്ഹലിയ ഗവർണറേറ്റ് ഓപ്പറേഷൻസ് റൂം, സിവിൽ പ്രൊട്ടക്ഷൻ വകുപ്പിൽ നിന്നുള്ള 12 ഫയർ എഞ്ചിനുകളും അഞ്ച് ആംബുലൻസുകളും സ്ഥലത്തേക്ക് അയച്ചു. അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ ഉടനടി നടപടികൾ സ്വീകരിച്ചു. തീപിടിച്ച കെട്ടിടങ്ങളിലേക്കും സമീപ കെട്ടിടങ്ങളിലേക്കുമുള്ള വൈദ്യുതി, ഗ്യാസ് ബന്ധങ്ങൾ ഉടൻ വിച്ഛേദിക്കാൻ നിർദ്ദേശം നൽകി.
ഫയർ ഹൈഡ്രന്റുകളിലെ ജലസമ്മർദ്ദം ഉയർത്താനും കൂടുതൽ യൂണിറ്റുകളും മൊബൈൽ വാട്ടർ ടാങ്കറുകളും വിന്യസിക്കാനും വാട്ടർ കമ്പനിയോട് ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ പ്രദേശത്ത് സുരക്ഷാ വലയം സ്ഥാപിച്ചു. പരിക്കേറ്റവരെ മൻസൂറ എമർജൻസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കും വരെ രക്ഷാപ്രവർത്തനങ്ങൾ തുടരുമെന്ന് ഗവർണർ മേജർ ജനറൽ താരിഖ് മർസൂഖ് അറിയിച്ചു.



