വാഷിംഗ്ടൺ- നൊബേൽ സമ്മാന നിർണ്ണയത്തിനെതിരെ കടുത്ത വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം തനിക്ക് നൽകാത്ത കമ്മിറ്റിയുടെ തീരുമാനം ആതിഥേയ രാജ്യമായ നോർവേയിൽ മായാത്ത കളങ്കം അവശേഷിപ്പിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച നീണ്ട കുറിപ്പിലാണ് ട്രംപ് ഈ പ്രതിഷേധം അറിയിച്ചത്. ഒരു തവണയല്ല, എട്ട് സമാധാന നോബൽ അവാർഡുകൾക്ക് താൻ അർഹനാണെന്നാണ് ട്രംപിന്റെ അവകാശവാദം.
കമ്മിറ്റി അംഗങ്ങളെ ‘പ്രത്യയശാസ്ത്ര തീവ്രവാദികൾ’ എന്നും ‘ജനാധിപത്യ വിരുദ്ധർ’ എന്നും വിശേഷിപ്പിച്ച ട്രംപ്, നൊബേൽ കമ്മിറ്റി അവാർഡിന്റെ വിശ്വാസ്യത ശാശ്വതമായി തകർത്തുവെന്നും ആരോപിച്ചു. അവാർഡ് ലഭിച്ച ദക്ഷിണാഫ്രിക്കൻ ജഡ്ജി നവി പിള്ള ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന ഒരു ലിബറൽ വ്യക്തിയാണെന്നും ഇസ്രായേലിനെ വെറുക്കുന്ന ആളാണെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും അദ്ദേഹം നൽകിയിട്ടില്ല.
ലോകമെമ്പാടുമുള്ള എട്ട് പ്രധാന സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ താൻ നിർണായക പങ്ക് വഹിച്ചതായി ട്രംപ് പട്ടികപ്പെടുത്തി:
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം പരിഹരിച്ചത് മാത്രം അവാർഡിന് മതിയായ കാരണമാണെന്ന് അദ്ദേഹം വാദിച്ചു. നാമനിർദ്ദേശത്തെ പിന്തുണച്ച് രാഷ്ട്രത്തലവന്മാർ കത്തയച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
- കംബോഡിയയും തായ്‌ലൻഡും തമ്മിലുള്ളത്
- കൊസോവോയും സെർബിയയും തമ്മിലുള്ളത്
- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിലുള്ളത്
- ഇസ്രായേലും ഇറാനും തമ്മിലുള്ളത്
- ഈജിപ്തും എത്യോപ്യയും തമ്മിലുള്ളത്
- അർമേനിയയും അസർബൈജാനും തമ്മിലുള്ളത്
- ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം
ഇവ കൂടാതെ ഇറാൻ ആണവായുധം നേടുന്നത് തടയുക, ഇസ്രായേലി ബന്ദികളുടെ മോചനം ഉറപ്പാക്കുക, വെനിസ്വേലയിൽ നിക്കോളാസ് മദൂറോയെ പുറത്താക്കുക തുടങ്ങിയ നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ഇരു കൊറിയകൾ തമ്മിലും ചൈനയും തായ്‌വാനും ഇടയിലുള്ള യുദ്ധങ്ങൾ താൻ ഒഴിവാക്കിയെന്നും, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ 900ലധികം രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും മോചനദ്രവ്യം നൽകാതെ 196 ബന്ദികളെ നാട്ടിലെത്തിക്കാനും കഴിഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു. താൻ പരിഹരിച്ചതായി അവകാശപ്പെടുന്ന വിഷയങ്ങളിൽ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.







