സൻആ- യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ നാളെയും തുടരും. കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് യമനിലെ പ്രസിദ്ധ സൂഫി ഗുരു ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ നേതൃത്തില്‍ നടക്കുന്ന അടിയന്തിര ചര്‍ച്ചകള്‍ രാത്രി വൈകിയോളം നടന്നു. ഗോത്ര നേതാക്കളും താലാലിന്റെ നിയമ സമിതി കമ്മിറ്റി അംഗങ്ങളും കുടുംബങ്ങളുമായുള്ള ചര്‍ച്ച നാളെ(ചൊവ്വ) കാലത്ത് തുടരും.
ഹബീബ് അബ്ദുറഹ്മാന്‍ മഷ്ഹൂറിന്റെ നേതൃത്വത്തിലുള്ള ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫീളിന്റെ പ്രതിനിധി സംഘം തലാലിന്റെ നാടായ ഉത്തര യമനിലെ ദമാറില്‍ തന്നെ തുടരുകയാണ്. ചര്‍ച്ചകള്‍ ആശാവഹമാണെന്നും നാളെ നടക്കുന്ന തുടര്‍ ചര്‍ച്ചയില്‍ സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്നും പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചു. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായത്തിലേക്കെത്തിക്കാനും അത്‌വരെ ശിക്ഷ നീട്ടിവെപ്പിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഉത്തര യമനിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വൈകാരികമായി ആളിക്കാത്തിയ ഒരു കേസ് കൂടിയാണിത്. അത് കൊണ്ട് തന്നെ ഇത്രയും കാലം കുടുംബവുമായി സംസാരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. യമനില്‍ വലിയ സ്വാധീനമുള്ള ശൈഖ് ഹബീബ് ഉമറിന് കുടുംബത്തെയും ഗോത്രങ്ങളെയും അനുനയിപ്പിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.
അതേസമയം, നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചേക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന സൂചനകൾ. ഈ മാസം പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ അറിയിച്ചിരുന്നു.
നിമിഷ പ്രിയയുടെ മോചനത്തിനായി അതിവേഗ നീക്കമാണ് നിലവിൽ നടക്കുന്നതെന്ന് മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നിമിഷ പ്രിയയുടെ ബന്ധുക്കൾക്കോ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിലിനോ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. യമനിലെ പ്രത്യേക സഹചര്യങ്ങളും രാഷ്ട്രീയ പ്രതിസന്ധികളുമായിരുന്നു ഇതിന് കാരണം.
നിമിഷ പ്രിയ കഴിയുന്ന സൻആ പ്രദേശം ഭരിക്കുന്ന ഹൂത്തി പിന്തുണയുള്ള ഭരണകൂടവുമായി ബന്ധപ്പെടാനുള്ള മാർഗമില്ലാത്തതും തടസമായി. യെമനിലേക്ക് ചർച്ചക്കായി ഇന്ത്യൻ പൗരൻമാർക്ക് നേരിട്ട് പോകാനുള്ള പ്രയാസങ്ങളും നിലനിന്നിരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചർച്ച നടത്താൻ ഗ്രാമ മുഖ്യൻമാർ വഴി മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. ഇതിനെ മറികടക്കാൻ നിരവധി കടമ്പകളുണ്ടായിരുന്നു. നേരത്തെ ഈ വഴിയുള്ള ചർച്ചകൾക്കായി ഏറെ ശ്രമം നടന്നെങ്കിലും അതും പൂർണമായി വിജയിച്ചില്ല. നിരവധി പ്രതിസന്ധികൾക്കിടയിലും മോചന ശ്രമം നടക്കുന്നതിനിടെയാണ് വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് വീണ്ടും അറിയിപ്പുണ്ടായത്.